മഴ മുന്നറിയിപ്പിൽ അലസത വേണ്ട, ജാഗ്രത വേണം; ആഗസ്റ്റിലെ ഈ ദിനങ്ങളെ കരുതിയിരിക്കാം, വീണ്ടും ഒരു പ്രളയത്തെ സൂചിപ്പിക്കുന്നതാണ് വരാനിരിക്കുന്ന മഴ ദിനങ്ങൾ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ പോൾ സെബാസ്റ്റ്യൻ
ഓരോ ആഗസ്റ്റ് വരുമ്പോഴും മലയാളിയുടെ ഉള്ളിലുള്ള ആധിയാണ് പ്രളയമുണ്ടാകുമോ എന്ന്. 2018 ലും 19 ലും സംസ്ഥാനത്ത് പ്രളയമെത്തിയത് ആഗസ്റ്റ് മാസത്തിലായിരുന്നു. കേരളം സമാനതകളില്ലാത്ത പ്രളയത്തിന് സാക്ഷ്യം വഹിച്ചത് 2018 ആഗസ്റ്റ് 16 മുതലാണ്.
2019 ആഗസ്റ്റ് എട്ടിന് വീണ്ടും കേരളത്തെ പ്രളയത്തിൽ മുക്കി. പിന്നീട് ഒരോ മൺസൂണിലും ഭീതിയോടെയുള്ള കാത്തിരിപ്പാണ് ആഗസ്റ്റ് കടന്നുകിട്ടാൻ. വയനാടിന്റെ നെഞ്ചുപിളർത്തി ഈ ജൂലൈ കടന്നുപോയെങ്കിലും പ്രളയമെന്ന് ആശങ്ക ആഗസ്റ്റിൽ പതിവ് പോലെ നിൽക്കുന്നുവെന്നാണ് വരാനുള്ള മഴദിനങ്ങൾ സൂചിപ്പിക്കുന്നത്.
കേരളം ആഗസ്റ്റ് മാസത്തിൽ കരുതിയിരിക്കേണ്ട മഴദിനങ്ങളെ കുറിച്ച് ഒരു സൂചന നൽകുകയാണ് കാലാവസ്ഥ നിരീക്ഷകനും പ്രവാസി എഴുത്തുകാരനുമായ പോൾ സെബാസ്റ്റ്യൻ. 2017ൽ ഓഖിയിലും 2018ലെയും 19ലെയും പ്രളയത്തിന് മുന്നെയും കൃത്യമായ നിരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് യുഎഇയിൽ താമസിക്കുന്ന ഇരിഞ്ഞാലക്കുടക്കാരൻ പോൾ സെബാസ്റ്റ്യൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗസ്റ്റ് ഒമ്പത് മുതൽ 14 വരെയാണ് കൂടുതൽ കരുതൽവേണ്ട ദിനങ്ങളെന്ന് പറയുന്നു. തുടർന്ന് 24 മുതൽ 29 വരെ ദിവസങ്ങളാണ് അടുത്തഘട്ടം. ലാനിനോ സാധ്യത നില നിൽക്കുന്നതിനാൽ സെപ്റ്റംബറിലും ഒരുപക്ഷേ കരുതൽ വേണ്ടിവരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിട്ടിട്ടും അവ കടലിലേക്ക് വേണ്ടത്ര വേഗത്തിൽ എടുക്കാതെ വീടുകളും റോഡുകളും നിറയുന്ന അവസ്ഥ വരാൻ സാധ്യയുള്ളതിനാൽ ആഗസ്റ്റ് ഒമ്പതിന് മുമ്പ് തുറന്ന് വിട്ട് നിയന്ത്രിച്ച് നിർത്തണമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്. വൈദ്യതി ഉല്പാദിപ്പിക്കുന്ന ഡാമുകൾ ഈയാഴ്ച ഉല്പാദന ക്ഷമത കൂട്ടുന്നതും നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.