
രാഹുലും പ്രിയങ്കയും ഇന്ന് വയനാടെത്തും
സ്വന്തംലേഖകൻ
കോട്ടയം : വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. രാത്രി എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കോഴിക്കോട് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പോവും.രാത്രി ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ്. നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വയനാട്ടിലേക്ക് പുറപ്പെടും. കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം റോഡ് ഷോ ആയി നാമനിര്‍ദേശ പത്രിക നല്‍കാന്‍ കളക്ടറേറ്റിലേക്ക് പോകും. ഞായറാഴ്ച്ചയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഹൈക്കമാന്‍ഡും തീരുമാനം അംഗീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.