മഞ്ഞുപൊതിഞ്ഞ് പൊന്മുടി ; ഒരു അടിപൊളി യാത്രക്കൊരുങ്ങികൊള്ളൂ…; 99,90,960 രൂപ ചെലവിൽ ഒരുങ്ങുന്ന ഗസ്റ്റ് ഹൗസിലെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ ; കുറഞ്ഞ ചെലവിൽ താമസിക്കാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ അതിഥി മന്ദിരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമായി 28.5 കോടി രൂപയോളം വരുന്ന വിവിധ പദ്ധതികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പ്രകൃതിരമണീയമായ പൊൻമുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിൻറെ ഇൻറീരിയർ ഫർണിഷിംഗിനായുള്ള അന്തിമഘട്ട പ്രവർത്തനങ്ങൾ 99,90,960 രൂപ ചെലവിൽ പൂർത്തീകരിക്കും. ഡിസംബറോടെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പിൽ സ്ഥിതിചെയ്യുന്ന യാത്രി നിവാസിൻറെ നവീകരണത്തിന് 9 കോടിയാണ് അനുവദിച്ചിട്ടുള്ളത്. 2014 ൽ പ്രവർത്തനമാരംഭിച്ച ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നവീകരണത്തിനായി നൽകിയിരിക്കുന്നത്. കെട്ടിടം മോടിപിടിപ്പിക്കൽ, ഓഫീസ് മുറിയുടെ എക്സ്റ്റീരിയർ, അടുക്കളയുടെയും സ്റ്റാഫ് റൂമിൻറെയും വൈദ്യുതീകരണം, ലാൻസ്കേപ്പിംഗ് എന്നിവ അടക്കമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലത്തെ ഗസ്റ്റ് ഹൗസിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 10,39,52,619 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. 18 മാസത്തിനകം നവീകരണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയിലുള്ള കേരളാ ഹൗസിൻറെ നവീകരണ പ്രവർത്തനങ്ങൾക്കായി 6,50,00,000 രൂപയാണ് സർക്കാർ അനുവദിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കും.
ധാരാളം സന്ദർശകർ ദിനംപ്രതി എത്താറുള്ള സംസ്ഥാന ടൂറിസം വകുപ്പിൻറെ പ്രധാനപ്പെട്ട താമസസ്ഥലങ്ങളാണിവ. നവീകരണ പ്രവർത്തനങ്ങളിലൂടെ സൗകര്യങ്ങൾ വർദ്ധിക്കുമെന്നും ഗസ്റ്റ് ഹൗസുകളിലെ താമസം കൂടുതൽ സുഖകരവും അഹ്ളാദപ്രദവും ആകുമെന്നും ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ സ്റ്റാഫ് റൂമിനും ഡ്രൈവർമാരുടെ മുറിക്കും കാർ പാർക്കിംഗിനും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കും. കൂടാത ഇവിടെ പൊതുവായ നവീകരണ പ്രവർത്തനങ്ങൾ കൂടി നടപ്പാക്കുന്നതിനായി 66,00,000 രൂപയ്ക്കും ഭരണാനുമതി നൽകിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും.