
കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ നായകളെ പിടിച്ചു തുടങ്ങി, ഇതുവരെ പിടികൂടിയത് 32 നായകളെ, ഇവയ്ക്ക് വാക്സിൻ നൽകി, സംശയം തോന്നിയ നായകളെ കൂട്ടിലാക്കി, ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നും നടപടി, നായയുടെ കടിയേറ്റവർ നിരീക്ഷണത്തിൽ
കോട്ടയം: കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വിദ്യാർത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് നായ ചാവുകയും ചെയ്തു. കടിയേറ്റവർക്ക് വാക്സിൻ നൽകി.
ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന തെരുവ് നായകളെ തുരത്തി തുടങ്ങി. 32 നായകളെ പിടികൂടിയിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ ചത്ത തെരുവുനായയ്ക്ക് പേവിഷബാധയുണ്ടെന്ന് തിരുവല്ലയിലുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പേ വിഷ ബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ആശുപത്രി പരിസരത്തെ തെരുവുനായകളെ പിടികൂടി വാക്സിന് നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍പ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പ്രദേശത്തെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി കൂട്ടിലടയ്ക്കുമെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഇന്നലെ രാവിലെ മെന്‍സ് ഹോസ്റ്റല്‍, പഴയ അത്യാഹിത വിഭാഗം, സന്നദ്ധ സംഘടനകള്‍ ഭക്ഷണ വിതരണം നടത്തുന്ന ഭാഗം കാന്‍സര്‍ വാര്‍ഡ് ഗൈനക്കോളജി വിഭാഗം, ലോന്‍ട്രി എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണു നായ്ക്കളെ പിടികൂടിയത്.
ഇന്നു രാവിലെ ഏഴു മുതല്‍ വീണ്ടും നായ്ക്കളെ പിടികൂടാൻ ആരംഭിച്ചു. സംശയം തോന്നിയ മൂന്നു നായ്ക്കളെ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന കൂട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്. കൂടാതെ വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മെഡിക്കല്‍ കോളജ് ജീവനക്കാരടക്കം ഏഴു പേരെ നായ്ക്കള്‍ കടിച്ചിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചിലസന്നദ്ധ സംഘടനകള്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്കുന്ന പതിവുണ്ട്. ഇതിന്റെ അവശിഷ്ടം തേടിയാണ് തെരുവുനായകള്‍ കൂട്ടത്തോടെ ഇവിടെ എത്തുന്നത്.
പലപ്പോഴായി ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇവ കടിച്ചിട്ടുണ്ട്. എന്നാല്‍, ഇവയെ പിടികൂടി പ്രത്യേക ഷെല്ട്ടറിലാക്കാനുള്ള നടപടികള്‍ ഇപ്പോഴാണ് പഞ്ചായത്ത് തുടങ്ങുന്നത്. ഇതിന് മുമ്പ് 102 നായകളെ പിടിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
മെഡിക്കല്‍ കോളേജ് ജീവനക്കാരടക്കം ഏഴു പേരെ നായ്ക്കള്‍ കടിച്ച ശേഷം ഒരു നായയെ ചത്ത നിലയില്‍ കണ്ടെത്തി. ഇതാണ് കടിയേറ്റവര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും ആശങ്കയുണ്ടാകാന്‍ കാരണം. പിന്നീട് വേഗത്തിൽ തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.