Spread the love

കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് കുത്തൊഴുക്കില്‍ വീട്ടുമുറ്റം ഒലിച്ചുപോയി. അയ്മനം പഞ്ചായത്ത് ഇളങ്കാവ് മര്യാത്തുരുത്ത് 12-ാം വാർഡില്‍ ശ്രീകൃഷ്ണവിലാസം രാജേന്ദ്രന്റെ വീട്ടുമുറ്റമാണ് ശക്തമായ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയത്.

video
play-sharp-fill

പുഴയില്‍നിന്ന് വീട്ടിലേക്കുള്ള എട്ടുമീറ്റർ ദൂരമാണ് ഇല്ലാതായത്. വീടിനോട് ഒന്നരമീറ്റർ അകലെയാണ് ഇപ്പോള്‍ പുഴ ശക്തമായി ഒഴുകുന്നത്. വെള്ളത്തിന്റെ വരവ് ശക്തമായാല്‍ മണ്ണൊഴുക്കുണ്ടായി വീട് തകരാനുള്ള സാധ്യത കൂടുതലാണ്. തീരം സംരക്ഷണത്തിന്റെ ഭാഗമായി ഇവിടെ ഇറിഗേഷൻ വകുപ്പിന്റെ നിർമാണ പ്രവർത്തനം നടന്നുവരുകയായിരുന്നു.

കനത്തമഴയിലും ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിനെയും തുടർന്ന് കോട്ടയം നഗരത്തില്‍ മീനച്ചിലാറിന്റെയും കൈവഴികളുടെയും പരിസരങ്ങളില്‍ വെള്ളംകയറി. വീടുകളില്‍ വെള്ളം കയറിയതിനെത്തുടർന്ന് നഗരത്തില്‍ വിവിധസ്ഥലങ്ങളില്‍ ക്യാമ്ബുകള്‍ തുറന്ന് പുനരധിവാസം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. കുമാരനല്ലൂർ വടക്കേനട റോഡും പരിസരവും വെള്ളത്തിനടിയിലായി. ഇവിടെ വീടുകളിലും വെള്ളംകയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്ബുകളിലേക്ക് മാറാതെ വീട്ടുകാർ സുരക്ഷാ സംവിധാനമൊരുക്കി കഴിയുകയാണ്. പഴയസെമിനാരി വാർഡില്‍ ചുങ്കം സി.എൻ.ഐ.എല്‍.പി. സ്കൂള്‍-ഇല്ലത്ത് റോഡിലും പരിസരങ്ങളിലെ വീടുകളിലും വെള്ളംകയറി. ഇവരെ ചുങ്കം സി.എം.എസ്. ഹൈസ്കൂളിലേക്ക് മാറ്റിയെന്ന് വാർഡ് കൗണ്‍സിലർ ഡോ. പി.ആർ. സോന അറിയിച്ചു. സെമിനാരി വാർഡില്‍ സി.എൻ.ഐ.-കൊച്ചാന റോഡിലും വെള്ളംകയറി. ഇവിടെ അറുത്തൂട്ടി തോടും കരകവിഞ്ഞു. മുള്ളൻകുഴി ഭാഗത്തും ദുരിതാശ്വാസ ക്യാമ്ബ് തുടങ്ങി.

വേളൂർ, കാരാപ്പുഴ ഭാഗത്ത് പുഴ കവിഞ്ഞ് വീടുകളില്‍ വെള്ളംകയറിയതിനെ തുടർന്ന് കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ക്യാമ്ബ് തുറന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ സി.ജി. രഞ്ജിത്ത് പറഞ്ഞു. മീനച്ചിലാർ കവിഞ്ഞ് കുമാരനല്ലൂർ, നീലിമംഗലം, സംക്രാന്തി, കിഴക്കുംഭാഗം മങ്ങാട്ടുമന റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. പള്ളിപ്രം സെയ്ന്റ് മേരീസ് പാരിഷ് ഹാളിലും നീലിമംഗലം എസ്.എൻ.ഡി.പി. എല്‍.പി. സ്കൂളിലും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ടെന്ന് കൗണ്‍സിലർ എം.എ. ഷാജി അറിയിച്ചു.