സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വിശ്രമിക്കാനാണ് വിദേശയാത്ര നടത്തിയതെന്ന് സിപിഎം നേതാവ് എകെ ബാലന്‍. ഇത് സംബന്ധിച്ച് കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത് സ്വകാര്യ സന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്ന് എകെ ബാലന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. താങ്ങാന്‍ പറ്റാത്ത ഭാരം ചുമന്ന ആള്‍ വിശ്രമിക്കാനാണ് പോയത്. ആറുദിവസം കൊണ്ട് ഭൂമിയുണ്ടാക്കിയ ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചുവെന്ന് എകെ ബാലന്‍ പറഞ്ഞു.
എന്റെ നാട്ടിലെ കര്‍ഷകന്‍ കുഞ്ഞിക്കണാരന്‍ ഈ അടുത്ത കാലത്താണ് ചൈനയില്‍ പോയി വന്നത്. ഇപ്പോ എത്ര കുഞ്ഞിക്കണാരന്‍മാര്‍ ചൈനയില്‍ പോകുന്നുണ്ടെന്നോ!. ഇപ്പോ ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്രവലിയ കാശു വേണോ?. 92,000 രൂപ പ്രതിമാസം വരുമാനമുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടുന്നാ കാശ് എന്ന് ചോദിക്കുന്നതില്‍ എന്താണ് അര്‍ഥം. അദ്ദേഹത്തിന്റെ ടിഎ കൂടി കൂട്ടിയാല്‍ ഒന്നേകാല്‍ ലക്ഷം രൂപയുണ്ടാകില്ലേയെന്നും ബാലന്‍ ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധാകരന്‍ നടത്തിയ യാത്രയെ കുറിച്ച് എന്നൊക്കൊണ്ട് പറയിക്കണ്ടെന്നും ബാലന്‍ പറഞ്ഞു. ആലയില്‍ നിന്ന് ഇളക്കിയ പശുവിനെയും കുട്ടികളെയും പോലെയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. ആ കടന്ന വാക്കിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. അദ്ദേഹം കുറെയാത്ര നടത്തിയിട്ടുണ്ട്. അതിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രതികരണമെന്നും ബാലന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയതിന് പിന്നാലെ സുധാകരന്റെ അംഗീകാരം വാങ്ങണോ?. പാര്‍ട്ടിയുടെ അംഗീകാരത്തിന് പുറമെ സുധാകരന്റെ അംഗീകാരം വാങ്ങണോ?. തന്റെ കൈയില്‍ നിന്ന് കാശെടുത്ത് വിദേശത്തുപോകുന്നതിന് മറ്റാരുടെയെങ്കിലും അംഗീകാരം വാങ്ങണോയെന്നും ബാലന്‍ ചോദിച്ചു. ഇതിന്‍െ വിശദാംശങ്ങള്‍ വേണമെന്നാണ് പറയുന്നത്. അപ്പോ പിന്നെ അടുത്ത ചോദ്യം വരും. ഏത് ഹോട്ടലിലാണ് താമസിച്ചത്?, താമസിച്ചത് ഡബിള്‍ റൂമാണോ, സിംഗിള്‍ റൂമാണോ?, ഇവരൊക്കെ ഒന്നായിട്ടാണോ താമസിച്ചത്? ഇതിനൊക്കെ മറുപടി പറയാന്‍ ആരെയാണ് കിട്ടുക?. ഇത്ര പരിഹാസ്യമായ ചോദ്യങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍ പോകരുത്. ഇത് ഇവിടെ വച്ച് അവസാനിപ്പിക്കണമെന്ന് ബാലന്‍ തിരുവനന്തപുരത്ത് പറഞ്ഞു.