കെജ്രിവാള്‍ രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ നീക്കം; ജയിലില്‍ ഇരുന്ന് ഭരിക്കുമെന്ന് എഎപി; കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയില്‍ സംഘര്‍ഷാവസ്ഥ
ഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി.
രാജി വെച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്.
എന്നാല്‍, കെജ്രിവാള്‍ ജയിലില്‍ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതിപക്ഷ പാർട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് പിസിസികള്‍ക്ക് നിർദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിന് പിറകെ അരവിന്ദ് കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധി എല്ലാ പിന്തുണയും അറിയിച്ചു. നിയമ പോരാട്ടത്തിന് സഹായവും വാഗ്ദാനം ചെയ്തു. രാഹുല്‍ ഗാന്ധി ഇന്ന് കെജ്‌രിവാളിന്റെ വീട്ടില്‍ നേരിട്ടെത്തി പിന്തുണ അറിയിക്കും.
ഒരു ഏകാധിപതി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നായിരുന്നു അറസ്റ്റിന് പിറകെയുള്ള രാഹുലിന്‍റെ പ്രതികരണം.
അറസ്റ്റിന് പിറകെ ഡൽഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കെജ്രിവാളിന്റെ വസതിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധ പ്രവർത്തികള്‍ക്കെതിരെ ഇന്ത്യാ സംഖ്യം ഒരുമിച്ച് പോരാടുമെന്നും ശരത് പവാർ വ്യക്തമാക്കി.
അറസ്റ്റ് വിവരം അറിഞ്ഞ് ഞെട്ടിയെന്ന് എക്സില്‍ രേഖപ്പെടുത്തിയ തരൂർ, ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്ന ബിജെപിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.