
അഭിമന്യു വധക്കേസില്‍ കുറ്റപത്രം അടക്കം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല;കാണാതായത് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകൾ ; കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ 11 രേഖകളാണ് കാണാതായത് ; നഷ്ടമായത് വിചാരണ തുടങ്ങാനിരിക്കെ
സ്വന്തം ലേഖകൻ
കൊച്ചി: കേസില്‍ വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു വധക്കേസിലെ രേഖകള്‍ കാണാനില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകള്‍ നഷ്ടമായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ 11 രേഖകളാണ് കാണാതായത്.
കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകള്‍ നഷ്ടമായ വിവരം കഴിഞ്ഞ ഡിസംബറില്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പകര്‍പ്പുകള്‍ ലഭ്യമാണോയെന്നും വീണ്ടെടുക്കാനാകുമോയെന്നും ചോദിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റുകയും ചെയ്തിരുന്നു. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലെ രേഖകള്‍ നഷ്ടപ്പെട്ടത് വലിയ വിവാദമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്പസില്‍ കൊല്ലപ്പെട്ടത്.
ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.