play-sharp-fill
കുമ്മനം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി: വെള്ളിയാഴ്ച രാഷ്ട്രപതിയെ കാണും; മിസോറാം ഗവർണ്ണർ സ്ഥാനം രാജി വയ്ക്കും; ആവേശത്തിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ; വിജയിച്ചാൽ കുമ്മനം കേന്ദ്രമന്ത്രി

കുമ്മനം തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി: വെള്ളിയാഴ്ച രാഷ്ട്രപതിയെ കാണും; മിസോറാം ഗവർണ്ണർ സ്ഥാനം രാജി വയ്ക്കും; ആവേശത്തിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ; വിജയിച്ചാൽ കുമ്മനം കേന്ദ്രമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിലുണ്ടായ മേധാവിത്വം ഊട്ടിയുറപ്പിക്കാൻ തലസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ തന്നെയെത്തും. ആർഎസ്എസ് നേതൃത്വത്തിന്റെ നിർണ്ണായക ഇടപെടലിനെ തുടർന്ന് ബിജെപി ദേശീയ നേതൃത്വം കുമ്മനത്തെ സ്ഥാനാർത്ഥിയാക്കുന്നതിനു സമ്മതം മൂളി. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ കുമ്മനം രാജശേഖരൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ചർച്ച നടത്തും. തുടർന്ന് തിരുവനന്തപുരം മണ്ഡലത്തിലേയ്ക്കുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ആകാംഷയോടെ ഉയർന്ന് കേട്ടിരുന്ന പ്രധാനപ്പെട്ട പേരുകളിൽ ഒന്നായിരുന്നു കുമ്മനം രാജശേഖരന്റേത്. കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിലെ കെ.മുരളീധരനോട് തലനാരിഴ വ്യത്യാസത്തിനാണ് കുമ്മനം പരാജയപ്പെട്ടത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കുമ്മനത്തിന്റെ പേര് ഏറെ നിർണ്ണായകമായത്. 
ഹൈന്ദവ വോട്ടുകൾക്കും, നായർ വോട്ടുകൾക്കും ഏറെ നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയത്തോടെ ബിജെപിയും സംഘപരിവാറുമായി ഏറെ അടുത്ത് നിൽക്കുന്ന എൻഎസ്എസിന്റെയും സുകുമാരൻ നായരുടെയും പിൻതുണ ഇക്കുറി ഉറപ്പായും ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിക്കും. ഇത് കുമ്മനം രാജശേഖരനാണെങ്കിൽ വിജയം ഉറപ്പെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തുന്നത്. 
ബിജെപിയിലെ ഗ്രൂപ്പ് യുദ്ധത്തിന്റെ സാഹചര്യത്തിൽ മറ്റേത് സ്ഥാനാർത്ഥി തിരുവനന്തപുരത്ത് മത്സരിച്ചാലും കാലുവാരലുണ്ടാകും. ഇത് തടയുക കൂടി ലക്ഷ്യമിട്ടാണ് പൊതുസമ്മതനും സാത്വികനുമായ കുമ്മനം രാജശേഖരനെ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചത്. ഇതിനിടെ തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരും, സി.ദിവാകരനും നേർക്കൂർ വരുന്ന സാഹചര്യത്തിൽ ഉചിതമായ സ്ഥാനാർത്ഥി കുമ്മനം തന്നെയാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ആർഎസ്എസിന്റെ ശക്തമായ പിൻതുണയോടെ കുമ്മനം വിജയിക്കുമെന്നു തന്നെയാണ് വിലയിരുത്തൽ. കുമ്മനം വിജയിക്കുകയും, കേന്ദ്രത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുകയും ചെയ്താൽ തീർച്ചയായും കുമ്മനത്തെ കാത്തിരിക്കുക കേന്ദ്രമന്ത്രി സ്ഥാനം തന്നെയാവും.