
എഐ ക്യാമറാ കണ്ണില്‍ നിന്നും നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് രക്ഷപ്പെടുന്നവരാണോ നിങ്ങൾ…? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ; വരുന്നത് മുട്ടൻ പണി; ‘എംവിഡി’ അങ്ങ് വീട്ടിലുമെത്തും; നിയമലംഘകരെ കണ്ടെത്തി നടപടി തുടങ്ങി…..!
കോഴിക്കോട്: എഐ ക്യാമറാ കണ്ണില്‍ നിന്നും നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് രക്ഷപ്പെടാമെന്ന് ഇനി കരുതേണ്ട.
വാഹന ഉടമകളെ കണ്ടെത്തി ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയിലേക്ക് കടന്നിരിക്കുകയാണ് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമകളെ തപ്പി വീട്ടിലുമെത്തുന്നുണ്ട്.
ഹെല്‍മറ്റ് ധരിക്കാതെ രണ്ടു പേരേയും കൊണ്ടുള്ള ഓട്ടത്തിനിടയിലാണ് മുകളില്‍ എ ഐ ക്യാമറ കാണുന്നത്. പിന്നെ മറ്റൊന്നും നോക്കാതെ നമ്പര്‍ പ്ലേറ്റ് മറച്ചു വെച്ചൊരൊറ്റ പോക്കാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറഞ്ഞുവരുന്നത് ഒറ്റപ്പെട്ട സംഭവത്തെ കുറിച്ചല്ല. നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നും രണ്ടുമല്ല കേസുകളുടെ എണ്ണം പെരുകിയതോടെയാണ് ഈ കുതിപ്പിന് കടിഞ്ഞാണിടാന്‍ കോഴിക്കോട്ടെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങിയിരിക്കുന്നത്.
പണി അല്‍പ്പം കൂടുതലാണെങ്കിലും ഈ അഭ്യാസികളെ കണ്ടെത്തി നടപടിയും തുടങ്ങിയിട്ടുണ്ട്. അതി വേഗത്തില്‍ പായുന്ന ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറക്കുന്നത് അപകടത്തിനും വഴി വെക്കുമെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരം അഭ്യാസം പയറ്റുന്നതില്‍ 70 ശതമാനവും യുവാക്കളാണ്.
നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഓ ബി ഷഫീഖ് പറഞ്ഞു. സംഭവം കോഴിക്കോടാണെന്ന് കരുതി ആശ്വസിക്കാൻ വരട്ടെ. ഒട്ടുമിക്ക ആര്‍ടിഒ സംവിധാനങ്ങളും പുതിയ നിയമലംഘന രീതിക്കെതിരെ വൈകാതെ ഒരുങ്ങി ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.