
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ ആനത്തലവട്ടം, 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു.
1985 ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് മൂന്നുവട്ടം എംഎൽഎയായി. 2008 ൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാനുമാണ്. ഭാര്യ ലൈല. മക്കൾ: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്.
വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം ആയി.
പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിലായി. ധാരാളം തൊഴിലാളിസമരങ്ങൾക്കു നേതൃത്വം നൽകിയ ആനന്ദൻ പലവട്ടം ജയിൽവാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വർഷത്തോളം ഒളിവിൽ പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയിൽമോചിതനായത്.








