
സ്വന്തം ലേഖിക
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് സെഷൻസ് കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയിലാണ് ലെനിൻ രാജ് ഹര്‍ജി നല്‍കിയത്. തട്ടിപ്പ് കേസില്‍ പത്തനംതിട്ട സ്വദേശി അഖില്‍ സജീവിനെയും ലെനിനെയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് ഉള്‍പ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. അതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായിരുന്നില്ല.
അതിനിടെ ഈ സംഘം കൂടുതല്‍ ഇടങ്ങളില്‍ നിയമന തട്ടിപ്പ് നടത്തിയെന്ന സൂചനകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. നിയമന കോഴ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. റഹീസിനേയും ബാസിത്തിനേയും പുലര്‍ച്ചെ മുതല്‍ കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആരോഗ്യ കേരളത്തിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറയുന്നു. അഖില്‍ സജീവ് റഹീസുമായി ചേര്‍ന്നാണ് ഇമെയില്‍ ഐഡി ഉണ്ടാക്കിയത്. ലെനിൻ രാജാണ് അഖില്‍ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇന്റീരിയര്‍ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകര്‍ന്നു. പിന്നീടും ഇവര്‍ തമ്മില്‍ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്.









