കരുവന്നൂര്‍ ബാങ്ക് കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിപിഎം നേതാവ് ഇ.ഡി കസ്റ്റഡിയില്‍; വടക്കാഞ്ചേരി നഗരസഭ സിപിഎം കൗണ്‍സിലറായ പി.ആര്‍ അരവിന്ദാക്ഷനാണ് കസ്റ്റഡിയിലായത്
സ്വന്തം ലേഖിക
വടക്കാഞ്ചേരി: കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന്റെ വിശ്വസ്തനായ സിപിഎം നേതാവിനെ ഇഡി കസ്റ്റഡിയില്‍ എടുത്തു.
വടക്കാഞ്ചേരി നഗരസഭ സിപിഎം കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആര്‍ അരവിന്ദാക്ഷനെയാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്.
വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ ഇ.ഡി കസ്റ്റഡിയിൽ എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് പി.ആര്‍ അരവിന്ദാക്ഷൻ. സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരവിന്ദാക്ഷനെ ഇ.ഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.
തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂര്‍ ബാങ്ക് മുൻ സെക്രട്ടറി ജില്‍സ്, മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയും വിളിച്ചിട്ടുണ്ട്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം കെ കണ്ണന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിഗമനം.
അതസമയം പി.സതീഷ്‌കുമാറിനു വേണ്ടി തൃശൂര്‍ സഹകരണബാങ്കില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് എം.കെ.കണ്ണനെ ചോദ്യം ചെയ്തത്. സതീഷ്‌കുമാറുമായി 30 വര്‍ഷത്തെ പരിചയവും സൗഹൃദവുമുണ്ടെങ്കിലും സാമ്പത്തിക കൈമാറ്റമൊന്നും നടത്തിയിട്ടില്ലെന്ന് കണ്ണൻ പറഞ്ഞു.
ഇന്നലെ 7 മണിക്കൂര്‍ കണ്ണനെ ചോദ്യം ചെയ്തു. 29 നു വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ.ഡി. അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിനു ശേഷം കണ്ണൻ പ്രതികരിച്ചിരുന്നു.