
കൊച്ചിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; അതൃപ്തി പ്രകടിപ്പിച്ച് കോര്‍പ്പറേഷൻ
സ്വന്തം ലേഖകൻ
കൊച്ചി: കോര്‍പ്പറേഷന്‍റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരം കാണുന്നതിന് മേയര്‍ എം.അനില്‍കുമാര്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു.ഓണക്കാലത്ത് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതില്‍ കൗണ്‍സിലിന്‍റെ അതൃപ്തി, യോഗത്തില്‍ മേയര്‍ അറിയിച്ചു.നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അമൃത് ഉള്‍പ്പെടെ വിവിധ പ്രോജക്ടുകളിലൂടെ ജല അതോറിറ്റിയുമായി സഹകരിച്ച് നഗരസഭ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
എന്നിട്ടും നഗരസഭ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനായിട്ടില്ലെന്നും ഓണക്കാലത്ത് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടത് ഇതുമൂലമാണെന്നും മേയര്‍ വ്യക്തമാക്കി.വെണ്ണല, പുതിയ റോഡ്, സുന്ദരിമുക്ക്, താന്നിക്കല്‍, കീര്‍ത്തിനഗര്‍, എളമക്കര, പള്ളുരുത്തി, ഇടക്കൊച്ചി ഭാഗങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ടിനെക്കുറിച്ചും കൗണ്‍സിലര്‍മാര്‍ ശ്രദ്ധയില്‍പെടുത്തി. അറ്റകുറ്റപ്പണികളുടെ അഭാവത്തില്‍ ഉണ്ടാകുന്ന കുടിവെള്ളക്ഷാമം ഒഴിവാക്കാന്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിരന്തരവും കാര്യക്ഷമവുമായ ഇടപെടല്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷാമം പൂര്‍ണമായും ഒഴിവാക്കുന്നതിന് വിവിധ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി ജലലഭ്യത കൂട്ടേണ്ടതുണ്ടെന്ന് ജല അതോറിറ്റി അധികൃതരും യോഗത്തില്‍ ചൂണ്ടിക്കാട്ടി.അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാമെന്ന് ജല അതോറിറ്റി അധികൃതര്‍ ഉറപ്പും നല്‍കി.കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജല അതോറിറ്റി സ്വീകരിക്കുന്ന നടപടികളിലെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ മാസവും അവലോകനയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.മേയറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ കെ.ബി. ഹര്‍ഷല്‍, സി.ഡി. വത്സലകുമാരി, സജിനി ജയചന്ദ്രന്‍, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.