
രണ്ട് പതിറ്റാണ്ടുകാലം അധ്യാപന രംഗത്ത് നിറഞ്ഞുനിന്ന നെല്‍സണ്‍ സാര്‍ ഓര്‍മയായി;ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍
സ്വന്തം ലേഖകൻ
പാലാ: രണ്ടു പതിറ്റാണ്ടുകാലം പാലായിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപന രംഗത്തും സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്ന നെല്‍സണ്‍ ഡാന്റേ സാര്‍ ഓര്‍മയായി.വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രസതന്ത്ര അധ്യാപകനായ നെല്‍സന്റെ വിയോഗം സുഹൃത്തുക്കളായ അധ്യാപകര്‍ക്കും വിദ്യാര്‍ഥി സമൂഹത്തിനും തീരാവേദനയായി.സദാ പുഞ്ചിരി തൂകുന്ന മുഖവും ആഴത്തിലുള്ള സൗഹൃദവും സ്നേഹവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
രസതന്ത്രം എന്ന വിഷയത്തെ അതിന്റെ സമഗ്രതയിലും സരസമായും വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനുള്ള നെല്‍സണ്‍ സാറിന്റെ ശ്രമം അനുകരണീയമായിരുന്നു.നിത്യജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍.ലളിതമായ പരീക്ഷണങ്ങളിലൂടെ രസതന്ത്രത്തിലേക്ക് വിദ്യാര്‍ഥികളെ അടുപ്പിക്കാന്‍ നെല്‍സണ്‍ സാറിന് കഴിഞ്ഞു.നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു.മീനച്ചില്‍ താലൂക്ക് ഹയര്‍ സെക്കന്‍ഡറി അധ്യാപക സഹകരണ സംഘം പ്രമോട്ടിംഗ് കമ്മിറ്റി അംഗമായിരുന്നു.നിലവില്‍ സംഘം വൈസ് പ്രസിഡന്റാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി അംഗം, ബ്ലഡ് ഡൊണേഴ്സ് ഫോറം ഭാരവാഹി, ശാസ്ത്രപഥം ശാസ്ത്രപരിചയ ക്യാമ്ബ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുറവലങ്ങാട്, സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കടനാട്, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അറക്കുളം, സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാലാ എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.നരിയങ്ങാനം സെന്റ് മേരി മഗ്ദലന പള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഗ്രേറ്റ് ബ്രിട്ടണ് ബിഷപ് മാര്‍ ജോസഫ് സ്രാമ്ബിക്കല്‍, മന്ത്രി റോഷി അഗസ്റ്റിന്, രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം, അസി. സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, ടീച്ചേഴ്സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്ബില്, ആന്റോ ആന്റണി എംപി, മാണി സി.കാപ്പന് എം എല്‍എ, , പി.സി ജോര്‍ജ്, പാലാ നഗരസഭാധ്യക്ഷ ജോസിന് ബിനോ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഷോണ്‍ ജോര്‍ജ്, ജോസ്മോന് മുണ്ടയ്ക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, എം.ജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ് തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.