
ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം ഇന്ന്…! ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയത്തിൽ ഇന്ത്യാ- പാകിസ്ഥാൻ പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് കാണികളെ; നാല് വർഷത്തിന് ശേഷമുള്ള ഏകദിന പോരാട്ടത്തിൽ ഇരുടീമുകളും ആത്മവിശ്വാസത്തിൽ; തമ്മിലുള്ള അവസാന അഞ്ച് ഏകദിനങ്ങളിൽ നാലിലും വിജയിച്ചത് ഇന്ത്യ; ലോക ഒന്നാം റാങ്കിൽ തിളങ്ങി പാകിസ്ഥാൻ; ഏറെ വിവാദങ്ങൾക്കൊടുവിൽ ഏഷ്യാകപ്പിൽ നേർക്കുനേർ പോരാട്ടത്തിൽ ഉറ്റുനോക്കി ലോകം….
സ്വന്തം ലേഖിക
കൊളംബോ: ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം ഇന്നാണ്.
ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ. ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയമാണ് വേദി. പാകിസ്ഥാനിലേക്ക് ഇന്ത്യ ക്രിക്കറ്റ് മത്സരത്തിന് പോവില്ലെന്നതടക്കം രാഷ്ട്രീയ പ്രാധാന്യമുള്ള ഏറെ വിവാദങ്ങൾക്കൊടുവിലാണ് ശ്രീലങ്കയിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദിന ഫോർമാറ്റിൽ നാലുവർഷത്തിന് ശേഷമുള്ള ഇന്ത്യ -പാക് പോരാണിത്. റെക്കാർഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്.
ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്നതാണ് പാകിസ്ഥാന്റെ ആത്മവിശ്വാസം. എന്നാൽ നേർക്കുനേർ പോരാടിയപ്പോൾ കൂടുതൽ തവണയും പാകിസ്ഥാനെ കീഴടക്കിയതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. കണക്കുകളും ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന അവസാന അഞ്ച് ഏകദിനങ്ങളിൽ നാലിലും വിജയിച്ചത് ഇന്ത്യയാണ്.
2019 ഏകദിന ലോകകപ്പിലായിരുന്നു അവസാന ഏറ്റുമുട്ടൽ. അന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. 2017 ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി പാകിസ്ഥാൻ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ചത്. 13 മത്സരങ്ങളിലാണ് ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 7 മത്സരങ്ങളിൽ വിജയം നേടിയത് ഇന്ത്യയാണ്. 5 കളികളിൽ ജയിച്ചത് പാകിസ്ഥാനും. ഒരു മത്സരം ഫലമില്ലാതെ ഉപക്ഷിച്ചു.
ലോകകപ്പിനുള്ള ടീമിനെ രൂപപ്പെടുത്താനാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് 17 അംഗ സംഘവുമായി ലങ്കയിലെത്തിയിരിക്കുന്നത്. എന്നാൽ പരിക്ക് മാറി ടീമിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിന് വീണ്ടും പരിക്കേറ്റത് ചെറിയ നിരാശയായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
എന്നാൽ ടൂർണമെന്റിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയാലേ റിസർവായി കൂട്ടിയിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനെ കളിപ്പിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.