
പുതിയ ചക്രവാതച്ചുഴി, ന്യൂന മർദ്ദം, കടലാക്രമണ സാധ്യത: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ തിരുവനന്തപുരത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയോടെ കൂടുതൽ ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ഗവിയിലേക്കുള്ള ഗതാഗതം ഇതുവരെ പുനസ്ഥാപിക്കാനായില്ല. വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ സംഭവങ്ങളും ഇന്നലെ രാത്രി ഉണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു. ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. റോഡ് ഗതാഗതത്തിൽ ഉണ്ടായിട്ടുള്ള മാർഗ്ഗതടസ്സം സത്വരമായി നീക്കി വരികയാണെന്നും കളക്ടർ വ്യക്തമാക്കി.