
ഇന്നലെ ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുടെ സ്തൂപം തകർത്ത നിലയിൽ; ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപണം; സ്ഥലത്ത് തടിച്ചു കൂടി കോൺഗ്രസ് പ്രവർത്തകർ ; സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ക്യാമ്പ് ചെയ്ത് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തു. ഇന്നലെ ഉദ്ഘാടനം നിർവ്വഹിച്ച ഉമ്മൻചാണ്ടിയുടെ സ്തൂപമാണ് തകർക്കപ്പെട്ടത്. ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തതാണെന്നാരോപിച്ച് സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഇരമ്പി.
സമീപത്തായി നേരത്തെ സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ച് കൂടിയിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് പ്രവർത്തകരുമായി പൊലീസ് സംസാരിച്ചു. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി പ്രയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. വരും ദിവസങ്ങളിൽ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടും.