
പീഡിപ്പിക്കാന്‍ സാധ്യതയുള്ളവരെ കൊന്നാല്‍ കേസില്ലെന്ന വ്യാജ പ്രചരണം ; കുടുംബ ഗ്രൂപ്പുകളിലേക്കെല്ലാം ഷെയർ ചെയ്യപ്പെട്ടു പോയ കേരള ഡി.ജി.പിയുടെ പേരിൽ നടന്ന വ്യാജ മുന്നറിയിപ്പിന്റെ സത്യാവസ്ഥ ഇതാണ്
സ്വന്തം ലേഖകൻ
കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവ വികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ആലുവയിൽ അരങ്ങേറിയത്. അഞ്ചുവയസ്സുള്ള പെൺകുട്ടിയെ അസം സ്വദേശിയായ തൊഴിലാളി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇതിന്റെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണങ്ങളും കൊഴുക്കുകയാണ്.
പീഡിപ്പിക്കാന്‍ സാധ്യതയുള്ളവരെ കൊന്നാല്‍ കേസില്ലെന്ന തരത്തില്‍ കേരള ഡി.ജി.പിയുടെ പേരിലാണ് ഒരു പ്രചാരണം നടക്കുന്നത്. സ്ത്രീകളുള്‍പ്പെടെയുള്ള കുടുംബ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇത് പ്രധാനമായും ഓടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ.പി.സി) 233 വകുപ്പ് പ്രകാരം പീഡിപ്പിക്കാന്‍ വരുന്ന അക്രമിയെ കൊല്ലാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
നേരത്തെ ഹൈദരാബാദില്‍ വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോഴും ഈ സന്ദേശം പ്രചരിച്ചിരുന്നു. അന്ന് ഇംഗ്ലീഷില്‍ പ്രചരിച്ച സന്ദേശത്തിന്റെ മലയാളമാണ് ഇപ്പോള്‍ വീണ്ടും വൈറലായത്.
വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ
കേരള ഡി.ജി.പിയുടെ മുന്നറിയിപ്പ്
ഇന്ത്യന്‍ പീനല്‍ കോഡ് 233 വകുപ്പ് പ്രകാരം ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയാവുകയോ പീഡിപിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നോ മനസ്സിലായാല്‍ അക്രമിയെ കൊല്ലാനുള്ള അവകാശം ആ പെണ്‍കുട്ടിക്ക് ഉണ്ട്. അങ്ങിനെ ചെയ്താല്‍ കൊലപാതകത്തിന് കേസെടുക്കില്ല.
1.രാത്രി വൈകി ഒരു ഉയര്‍ന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഒരു ലിഫ്റ്റില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു അപരിചിതനായ പുരുഷന്റെ കൂടെ തനിയെ പോവേണ്ടി വന്നാല്‍ ഒരു സ്ത്രീ എന്തുചെയ്യണം?
വിദഗ്ധര്‍ പറയുന്നു:
നിങ്ങള്‍ക്ക് പതിമൂന്നാം നിലയിലെത്തണമെങ്കില്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനം വരെയുള്ള എല്ലാ നിലയുടെയും ബട്ടണുകളും അമര്‍ത്തുക. എല്ലാ നിലയിലും നിര്‍ത്തുന്ന ഒരു ലിഫ്റ്റില്‍ നിങ്ങളെ ആക്രമിക്കാന്‍ ആരും ധൈര്യപ്പെടില്ല.
സാമൂഹികവും ധാര്‍മ്മികവുമായ ലക്ഷ്യത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇത് ഷെയര്‍ ചെയ്യുക എന്നതാണ്.
(കേരള പോലീസ്)
ഐ.പി.സി 233
സന്ദേശത്തിന്റെ യാഥാര്‍ഥ്യം
ഈ സന്ദേശത്തിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച് സുപ്രഭാതത്തിന്റെ ഫാക്‌ട് ചെക്കിങ് യൂനിറ്റ് നടത്തിയ പരിശോധനയില്‍ പൊലിസ് ഇത്തരത്തില്‍ ഒരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് മനസ്സിലായി. മാത്രമല്ല ഐ.പി.സി 233 സ്ത്രീപഡനം സംബന്ധിച്ചല്ലെന്നും വ്യക്തമായി.
ഐ.പി.സി 233 വകുപ്പ് കള്ള നോട്ടുകള്‍ ഉണ്ടാക്കുന്ന മെഷീന്‍ നിര്‍മാണത്തെ കുറിച്ചാണ്. കള്ളനോട്ട് അച്ചടിക്കുന്നതോ കൈമാറുന്നതോ വില്‍ക്കുന്നതോ വാങ്ങുന്നതോ എല്ലാം കുറ്റകരമാണെന്നും പിഴയോ മൂന്നു വര്‍ഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാണെന്നുമാണ് ഈ വകുപ്പ് നിര്‍വചിക്കുന്നത്.
ഐ.പി.സിയിലെ സ്വയരക്ഷ
ഐ.പി.സിയില്‍ സ്വയം പ്രതിരോധത്തെ കുറിച്ച് പറയുന്നത് സെക്ഷന്‍ 100ല്‍ ആണ്. ഐ.പി.സിയിലെ നാലാം അധ്യായത്തില്‍ 76 മുതല്‍ 106 വരെയുള്ളവ ‘ജനറല്‍ എക്‌സപ്ഷന്‍സ്’ അഥവാ ആര്‍ക്കെല്ലാം ഏതെല്ലാം സാഹചര്യങ്ങളില്‍ ശിക്ഷാ ഇളവ് ലഭിക്കും എന്നതിനെ കുറിച്ച് പറയുന്നതാണ്. കൊല്ലപ്പെട്ടേക്കും എന്ന് ഉത്തമ ബോധ്യമുള്ള സാഹചര്യത്തില്‍ മാത്രം സ്വയരക്ഷക്കുവേണ്ടി നടത്തുന്ന പ്രതിരോധത്തിനിടെ സംഭവിക്കുന്ന കൊലപാതകം ശിക്ഷയിളവിന് അര്‍ഹമാകുന്ന കുറ്റമാണെന്ന് വകുപ്പ് 100ല്‍ വ്യക്തമാക്കുന്നുണ്ട്.