
ശമ്പളത്തിനും വാടകയ്ക്കും പണമില്ല…! കേന്ദ്ര ഫണ്ട് എത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാർ; സംസ്ഥാനത്ത് പോക്സോ കോടതികളുടെ പ്രവര്‍ത്തനം അവതാളത്തില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കോടതികളിലെ പ്രോസിക്യൂട്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മൂന്ന് മാസമായി ശമ്പളമില്ല.
കോടതികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും വാടക നല്‍കുന്നില്ല. പണമില്ലാത്തതിനാല്‍ പോക്സോ കോടതികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കോടതികളുടെ പ്രവര്‍ത്തന ചെലവിൻറെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് നല്‍കേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് പോക്സോ കേസുകളുടെ വിചാരണയും ശിക്ഷയും വൈകുന്നത് കൂടിയപ്പോഴാണ് താത്കാലിക പോക്സോ കോടതികള്‍ തുടങ്ങാൻ തീരുമാനിച്ചത്. കേരളത്തിന് അനുവദിച്ച 56 കോടതികളില്‍ 53 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്.
കോടതികളിലേക്ക് താത്കാലിക പ്രോസിക്യൂട്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചു. ഈ കോടതികള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്.
കോടതികളുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോഴുണ്ടായ ആവേശം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴില്ല. മൂന്നു മാസമായി പ്രോസിക്യൂട്ടര്‍മാര്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാതെയായിട്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
കെട്ടിട വാടകയും നല്‍കുന്നില്ല. കേന്ദ്ര ഫണ്ട് എത്തിയില്ലെന്നാണ് ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ വാദം.