
സർവ്വീസിൽ കയറിയിട്ട് ഒന്നരവർഷം; പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസർ വിജിലൻസിന്റെ പിടിയിൽ; പ്രൊബേഷന്‍ പൂര്‍ത്തിയാവും മുൻപ് ഓഫിസർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കൈപ്പമംഗലം: സർവ്വീസിൽ കയറി ഒന്നര വർഷം ആകും മുമ്പേ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലിക്കേസില്‍ പിടിയിൽ. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ പി.ആര്. വിഷ്ണുവാണ് പിടിയിലായത്. പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് ഇയാൾക്ക് വിജിലൻസിന്റെ പിടിവീഴുന്നത്.
കഴിഞ്ഞ ജനുവരി പത്തിനാണ് പി.ആര്. വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി എത്തിയത്. പഞ്ചായത്തിലെ ഭവന നിര്‍മ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിര്‍മാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയായിരുന്നു. ഇയാൾക്കെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ ഒരുവട്ടം താക്കീതും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ചോദിച്ചതോടെയാണാണ് വിജിലന്‍സ് ട്രാപ്പില്‍ കുടുങ്ങുന്നത്. കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് നടന്ന ഫെബ്രുവരി പത്തിന് തന്നെ വിഷ്ണുവിനെ സര്‍വ്വീസില്‍ നിന്ന് സസ്പന്റ് ചെയ്തിരുന്നു. സസ്പന്ഷന് കാലത്ത് ജീവന ബത്തയായി പകുതി ശമ്പളം ലഭിക്കുന്നുണ്ട്. മൂന്നുമാസത്തിനിപ്പുറം വിജിലന്‍സ്, കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം കുറ്റപത്രം കോടതിയിലെത്തും.
സസ്പന്‍ഷനിലാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല നടപടി ആറുമാസത്തിനുള്ളില്‍ പുന:പരിശോധിക്കാമെന്നാണ് ചട്ടം. എന്നാല്‍ പ്രൊബേഷന്‍ പൂര്‍ത്തിയാവും മുന്‍പ് കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍വ്വീസിലേക്കുള്ള മടങ്ങിവരവ് വിഇഒയ്ക്ക് എളുപ്പമാകില്ലെന്നാണ് സൂചന. കൈക്കൂലി കേസിലെ കോടതി വിധിയെ ആശ്രയിച്ചിരിക്കും സസ്പന്‍ഷനിലുള്ള ഉദ്യോഗസ്ഥനെ ജോലിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച തീരുമാനമെന്നാണ് സൂചന.