
പാലക്കാട് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഓഫീസ് അസിസ്റ്റൻറ് സുരേഷ് കുമാറിന് സസ്പെൻഷൻ; ഗുരുതര കൃത്യവിലോപമെന്ന് കണ്ടെത്തൽ ; മറ്റ് ഉദ്യോഗസ്ഥരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിൽ അന്വേഷണം വിപുലമാക്കാൻ വിജിലൻസ്
സ്വന്തം ലേഖകൻ
പാലക്കാട്: കൈക്കൂലി വാങ്ങിയതിന് പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന് സസ്‌പെൻഷൻ. സുരേഷ് കുമാർ കാട്ടിയത് ഗുരുതര കൃത്യവിലോപമെന്ന് ഉത്തരവിൽ പറയുന്നു. പാലക്കാട് കളക്ടറുടെതാണ് നടപടി. സസ്പെൻഷൻ ഇന്നലെ മുതൽ പ്രാബല്യത്തിൽ നിക്ഷേപം ഉൾപ്പെടെ ഒരു കോടിയിലധികം രൂപ സുരേഷ് കുമാറിൽ നിന്ന് കണ്ടെത്തിയിരുന്നു.
സമാന രീതിയിൽ, മറ്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നാണ് അന്വേഷണം. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ്‌കുമാറിന്റെ വാടകമുറിയിൽ നിന്ന് 35 ലക്ഷം രൂപ പണമായി മാത്രം കണ്ടെടുത്തിരുന്നു. ഇതിനുപുറമേ 71 ലക്ഷം രൂപ നിക്ഷേപം നടത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. 17 കിലോ നാണയങ്ങളും മുറിയിൽനിന്ന് പിടിച്ചെടുത്തു. കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ മണിക്കൂറുകളെടുത്താണ് ഇവയെല്ലാം വിജിലൻസ് ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തിയത്.
വൻതോതിൽ കൈക്കൂലി വാങ്ങിയിട്ടും വളരെ ലളിതമായ ജീവിതരീതിയായിരുന്നു സുരേഷിന്റേത്. പണത്തിന് പുറമേ തേനും കുടംപുളിയും പുഴുങ്ങിയ മുട്ടയുംവരെ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കൈക്കൂലി വാങ്ങിയത് വീട് വെയ്ക്കാൻ വേണ്ടിയെന്നാണ് പ്രതി വിജിലൻസിന് നൽകിയ മൊഴി. ഇത്രയധികം പണം സമ്പാദിച്ചിട്ടും എന്തിനാണ് ലളിതമായ ജീവിതം നയിച്ചതെന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു ഇയാളുടെ മറുപടി. അതേസമയം, തിരുവനന്തപുരം സ്വദേശിയായ സുരേഷ്‌കുമാർ നാട്ടിൽ വീടുപണി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്നാണ് വിവരം. അവിവാഹിതനായ ഇയാൾ വല്ലപ്പോഴുമാണ് നാട്ടിൽ വന്നിരുന്നത്.