
വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ നിസാര തുക ഈടാക്കി വാഹനം വിട്ടുനൽകുന്നതിനെതിരെ ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: വാഹനങ്ങളിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന കേസുകളിൽ പിടികൂടുന്ന വാഹനങ്ങൾ ഹൈക്കോടതിയുടെ അറിവില്ലാതെ വിട്ടു നൽകരുതെന്ന് നിർദ്ദേശം. നിസാര തുക പിഴ ഈടാക്കി വിട്ടു നൽകുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ നിർദ്ദേശം.
അതേസമയം മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ കൊച്ചി നഗരസഭയ്ക്ക് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനുള്ള സ്റ്റേ കോടതി ജൂൺ 30 വരെ നീട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് 250 രൂപ പിഴ ഈടാക്കി വിട്ടു നൽകിയതു കൊച്ചി നഗരസഭാ സെക്രട്ടറിയും ജില്ലാ കളക്ടറും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പത്തുലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങൾ തുച്ഛമായ തുക ഈടാക്കി വിട്ടു നൽകുന്നത് ഉചിതമല്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കെതിരെ മലിനീകരണ നിയന്ത്രണ നിയമം പ്രകാരം നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.