
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേരിടും; ആദര സൂചകമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കും. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടറോടുള്ള ആദരസൂചകമായാണ് നടപടി.
പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ് സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു
ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടര്‍ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്.
മന്ത്രി വി എന്‍ വാസവന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്.