video
play-sharp-fill
കോട്ടയം ന​ഗരസഭയ്ക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട്;  ഹോട്ടല്‍ ഉടമ നഗരസഭ സ്ഥലം കൈയേറി, കെഎസ്‌ആര്‍ടിസിയില്‍നിന്നു വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കിയില്ല, സര്‍ക്കാരില്‍നിന്നു പ്രളയഫണ്ട് സ്വീകരിക്കാതിരുന്നതുള്‍പ്പെടെയുള്ള നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ

കോട്ടയം ന​ഗരസഭയ്ക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ട്; ഹോട്ടല്‍ ഉടമ നഗരസഭ സ്ഥലം കൈയേറി, കെഎസ്‌ആര്‍ടിസിയില്‍നിന്നു വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കിയില്ല, സര്‍ക്കാരില്‍നിന്നു പ്രളയഫണ്ട് സ്വീകരിക്കാതിരുന്നതുള്‍പ്പെടെയുള്ള നിരവധി പരാമർശങ്ങൾ റിപ്പോർട്ടിൽ

സ്വന്തം ലേഖകൻ

കോട്ടയം: 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കോട്ടയം നഗരസഭയ്‌ക്കെതിരേ നിരവധി പരാമര്‍ശങ്ങൾ. ഹോട്ടൽ ഉടമ നഗരസഭ സ്ഥലം കൈയേറിയത്, കെഎസ്‌ആര്‍ടിസിയില്‍നിന്നു വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കാതിരുന്നത്, സര്‍ക്കാരില്‍നിന്നു പ്രളയഫണ്ട് സ്വീകരിക്കാതിരുന്നതുള്‍പ്പെടെ കോട്ടയം നഗരസഭയ്‌ക്കെതിരേ ഓഡിറ്റ് റിപ്പോര്‍ട്ട്.

ന​ഗരസഭാ ബിൽഡിങ്ങിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടൽ 1.013 സെന്‍റ് സ്ഥലം കൈയേറിയെന്നും കെട്ടിടം നിര്‍മിച്ചെന്നും കണ്ടെത്തിയിരിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ നഗരസഭ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ സര്‍വേ സൂപ്രണ്ട് ലഭ്യമാക്കിയ റീഫിക്‌സിംഗ് സ്‌കെച്ച്‌ പ്രകാരമാണ് അതിര്‍ത്തി നിശ്ചയിച്ചതെന്നും കെട്ടിടം നഗരസഭയുടെ അതിര്‍ത്തിക്കു പുറത്താണെന്നും കൈയേറ്റം ഇല്ലെന്നുമാണ് സെക്രട്ടറി, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, റവന്യൂ ഓഫീസര്‍ എന്നിവരടങ്ങിയ സമിതി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സര്‍വേ സൂപ്രണ്ട് റീഫിക്‌സിംഗ് സ്‌കെച്ച്‌, റിപ്പോര്‍ട്ട് എന്നിവ ലഭ്യമാക്കിയതായി മുനിസിപ്പല്‍ കൗണ്‍സില്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടെ അപേക്ഷ പ്രകാരമാണ് ലഭ്യമാക്കിയതെന്നു വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുമില്ല. 2018ല്‍ താലൂക്ക് സര്‍വയേറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അനധികൃതമായി നിര്‍മിച്ച കെട്ടിടം ഒഴിപ്പിച്ച്‌ മുനിസിപ്പാലിറ്റിയുടേതാക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇത് അവഗണിക്കുകയും കെട്ടിടത്തിനു ചുറ്റുമതില്‍ നിര്‍മിക്കുകയും ചെയ്തു. ഇതിനു നഗരസഭയില്‍നിന്നു പെര്‍മിറ്റ് നല്‍കുകയും ചെയ്തു.

താലൂക്ക് സര്‍വേയര്‍ പരിശോധിച്ചപ്പോള്‍ ഹോട്ടലുടമകള്‍ പുതുക്കിയ സ്‌കെച്ചോ പ്ലാനോ ലഭ്യമാക്കിയിട്ടില്ല. ആരുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ സര്‍വേ സൂപ്രണ്ട് റീഫിക്‌സിംഗ് സ്‌കെച്ച്‌ ലഭ്യമാക്കിയതെന്നു വ്യക്തമല്ല. ഈ റീഫിക്‌സിംഗ് സ്‌കെച്ചിന്‍റെ ആധികാരികത ചോദ്യം ചെയ്ത് മുനിസിപ്പാലിറ്റി അപ്പലേറ്റ് അഥോറിറ്റിയെ സമീപിച്ചിട്ടുമില്ല. കോട്ടയം നഗരസഭ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അപ്പലേറ്റ് അഥോറിറ്റിയെ സമീപിച്ച്‌ വസ്തു നഷ്ടമാകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മാര്‍ച്ച്‌ 31 വരെ സൗജന്യമായും ശേഷം 20,000 രൂപ വാടക ഈടാക്കാനുമായിരുന്നു കെഎസ്‌ആര്‍ടിസിയുമായി ഉണ്ടാക്കിയ കരാര്‍. 2022 ഡിസംബര്‍ വരെ സ്ഥലം ഉപയോഗിച്ചിരുന്നു. 66 മാസങ്ങളിലെ വാടക ഈടാക്കിയില്ല. 13,20,000 രൂപയാണ് ഈ വാടകയില്‍ കിട്ടാനുള്ളത്.

സര്‍ക്കാര്‍ 2.35 കോടി രൂപ പ്രളയഫണ്ട് അനുവദിച്ചിട്ടും അത് സ്വീകരിച്ചില്ല. ഫണ്ട് കിട്ടുന്നതിനു മുൻപുതന്നെ തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവൃത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന നടത്താന്‍ മുനിസിപ്പാലിറ്റി പദ്ധതി തയാറാക്കി.കരാറുകാരന് ഇനിയും പണം നല്‍കാനുണ്ട്. സര്‍ക്കാര്‍ അനുവദിച്ച പ്രളയഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.