Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പൊലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പൊലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണമുന്നയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണ് റിനീഷ്.

‘നോര്‍ത്ത് പാലത്തിന് സമീപത്തിരിക്കുമ്പോള്‍ അവിടെ പൊലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ചെയ്തു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞതിനു പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി. ഫോണ്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ശേഷം എന്നെ പരിശോധിക്കണമെന്നാണ് പോലീസ് പറഞ്ഞത്. പോക്കറ്റില്‍ എന്താണെന്ന് പോലീസ് ചോദിച്ചു. ഒരു ഹെഡ്സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഹെഡ്സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയിലുണ്ടായിരുന്ന ലാത്തി കൊണ്ട് അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് അടിച്ചത്’- റിനീഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍വെച്ച് ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം അഞ്ച് മണിയോടെ തന്നെ വിട്ടയക്കുകയായിരുന്നു എന്ന് റിനീഷ് പറയുന്നു. ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് റിനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് പറയുന്നു.