74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പെൺകരുത്തുകാട്ടി കേരളം; തല ഉയർത്തി കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും; സ്ത്രീശാക്തീകരണം മുന്‍നിര്‍ത്തി കേരളത്തിന്റെ ടാബ്ലോ ; നിറഞ്ഞ കൈയ്യടിയോടെ അഭിനന്ദിച്ച് രാഷ്ട്രപതി
സ്വന്തം ലേഖകൻ
ഡൽഹി : 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ പെൺകരുത്തുകാട്ടി കേരളത്തിന്റെ ടാബ്ലോ. കർത്തവ്യപഥിൽ സ്ത്രീശാക്തീകരണം എന്ന ആശയം മുൻനിർത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്.
അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം, സ്ത്രീശക്തിയും, സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും മുൻപിൽ വച്ച് നിറഞ്ഞ കൈയ്യടി നേടി കേരളത്തിന്റെ ടാബ്ലോ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെയും ശില്‍പ്പങ്ങളായിരുന്നു കേരളത്തിന്റെ ടാബ്ലോയിലെ പ്രധാന ആകർഷണം. കളരിപ്പയറ്റ്, ഗോത്രനൃത്തം, ചെണ്ടമേളം, എന്നീ നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ടാബ്ലോയില്‍ നഞ്ചിയമ്മയുടെ നാടന്‍പാട്ടും കേള്‍പ്പിച്ചു.
ദേശീയ പതാകയും കൈയ്യിലേന്തി നില്ക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലെത്തിയ ടാബ്ലോയില്‍ തലയെടുപ്പോടെ നിന്നു.രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ഫ്ളോട്ടിനെ കൈയ്യടിച്ച് അഭിനന്ദിച്ചു.
പെൺ കരുത്ത് കേരളം മുൻപിൽ വെച്ചപ്പോൾ കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകളാണ് ഗോത്ര പാരമ്പര്യം ഉയർത്തി ചുവടുകളുമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചത്.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നീവിടങ്ങളിൽ നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. കുടുംബശ്രീ അംഗങ്ങളാണ് ഇവർ. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവർ ശിങ്കാരിമേളം പഠിക്കാൻ ആരംഭിച്ചത്.