സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; എങ്ങുമെത്താതെ കൊതുകുനശീകരണം;തുലാവർഷം കനക്കുന്നതോടെ സ്ഥിതി ആശങ്കാജനകമാകുമെന്ന് വിലയിരുത്തൽ…
സംസ്ഥാനത്ത് ഡെങ്കിപ്പനി രോഗബാധിരുടെ എണ്ണം ഉയരുന്നു. ഈ മാസം 347പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1104 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. ഈ വര്‍ഷം 21 പേര്‍ മരിച്ച കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെങ്കിലും ബോധവത്കരണമോ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളോ ആരോഗ്യ –തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എലിപ്പനിയും വൈറല്‍ പനിയും പടരുന്നുണ്ട്.
ദിവസവും പതിനായിരത്തിലേറെപേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നത്. ഡങ്കിപ്പനിയും എലിപ്പനിയുമാണ് ആശങ്കപരത്തുന്നത്. ഇന്നലെ ആറുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 47 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയ്ക്കെത്തി. ഒരു മരണവും സ്ഥിരീകരിച്ചു. ഈമാസം മാത്രം 347 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 1104 പേര്‍ക്ക് രോഗം സംശയിക്കുന്നു. മൂന്ന് പേര്‍ മരിച്ചു. ഈ വര്‍ഷം 3385 പേര്‍ക്ക് രോഗം ബാധിച്ചു. പതിനായിരത്തിലേറെപേര്‍ ലക്ഷണങ്ങളുമായി ചികില്‍സതേടിയ കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം 21 മരണം സ്ഥിരീകരിച്ചപ്പോള്‍ 32 പേരുടെ മരണം ഡങ്കിപ്പനി കാരണമായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്.
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് രോഗവാഹകര്‍. മഴ ശക്തി പ്രാപിക്കാത്തതുകൊണ്ട് കൊതുകിന്റെ മുട്ടകളും ലാര്‍വകളും മറ്റും ഒഴുകിപ്പോകുന്നില്ല. വീടുകള്‍ക്കുളളിലടക്കം ഇലച്ചെടികള്‍ വളര്‍ത്തുന്ന രീതി വര്‍ധിച്ചതും കൊതുകുപെരുകാന്‍ കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് ഏററവും കൂടുതല്‍ പേര്‍ക്ക് കൊതുകു പരത്തുന്ന ഡെങ്കിപ്പനി ബാധിച്ചത് ആറുകൊല്ലം മുമ്പാണ്. അന്ന് 21993 പേര്‍ക്ക് രോഗം ബാധിച്ചെന്നും 165 പേര്‍ മരിച്ചെന്നുമാണ് ഔദ്യോഗിക കണക്കുകള്‍. ഈ മാസം 192 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ 208 പേര്‍ക്ക് രോഗം സംശയിക്കുന്നു. രണ്ടര ലക്ഷത്തിലേറെപേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്കെത്തിയത്.