
യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം വെച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ചികിത്സാ ആവശ്യത്തിനെന്ന് പറഞ്ഞ് പണം ആവശ്യപ്പെടും; വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടുന്ന സംഘം സജീവം; തട്ടിപ്പുസംഘങ്ങളുടെ പ്രവര്‍ത്തനം കേരളത്തിന് പുറത്ത് നിന്ന്
സ്വന്തം ലേഖിക
മരട്: ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു.
സ്വകാര്യ വ്യക്തികളുടെ യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവുമെല്ലാം ഉപയോഗിച്ച് അതേ പേരില്‍ തന്നെ മറ്റൊരു അക്കൗണ്ട് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം മരട് നഗരസഭ ചെയര്മാന് ആന്റണി ആശാന്‍പറമ്പിലിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലാണെന്നും പണത്തിന് അത്യാവശ്യമുണ്ടെന്നുമുള്ള രീതിയിലാണ് സംഭാഷണം തുടങ്ങിയയത്. ചെയര്‍മാന്റെ സുഹൃത്തുക്കളോട് ഹിന്ദിയിലാണ് ഇടക്ക് മെസേജുകള്‍ അയച്ചിരുന്നത്. ഇതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്കി. ഹൈകോടതി അഭിഭാഷകനും യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമായ അഡ്വ. സജലിന്റെ പേരിലും ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി സുഹൃത്തിനോട് 20,000 രൂപ ആവശ്യപ്പെട്ട് മെസേജ് അയച്ചു. സുഹൃത്ത് പണം അയക്കാമെന്ന് സമ്മതിച്ചതോടെ നമ്പര്‍ അയച്ചുകൊടുത്തു.
നമ്പര്‍ മറ്റൊരാളുടേതായതിനാല്‍ സംശയം തോന്നി സജലിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഇത്തരത്തില്‍ നിരവധി തട്ടിപ്പാണ് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ നടക്കുന്നത്.
വ്യാജ അക്കൗണ്ടുകളുടെ പ്രൊഫൈലുകള്‍ ഭൂരിഭാഗവും ലോക്ക് ചെയ്ത രീതിയിലായിരിക്കുമെന്നതാണ് ശ്രദ്ധേയം. കേരളത്തിനു പുറത്തുനിന്നാണ് തട്ടിപ്പുസംഘങ്ങളുടെ പ്രവര്‍ത്തനം. ഭൂരിഭാഗം ആളുകളും പരാതി നല്കാന് തയാറാകുന്നില്ല. പരാതി നല്കിയാലും നടപടിയെടുക്കുന്നതിലെ കാലതാമസമാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്.