
വാക്ക്തർക്കം ;എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ചു ; ചങ്ങനാശ്ശേരിയിൽ കഞ്ചാവ്,അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതികൾ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം :എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ.
ചങ്ങനാശേരിയിൽ അറിയപ്പെടുന്ന റൗഡിയായ പനച്ചിക്കാവ് ആറ്റുപുറത്ത് വീട്ടിൽ ബാബു മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിശാൽ ബാബു (29), ചങ്ങനാശേരി പെരുന്ന കിഴക്കുകരയിൽ ശ്രീശങ്കര ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സുരേഷ് കുമാർ മകൻ വിഷ്ണു സുരേഷ് (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയോടുകൂടി പെരുമ്പുഴക്കടവ് ഭാഗത്ത് വച്ച് വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടായ സമയത്ത് ഇത് കണ്ടുകൊണ്ടുവന്ന ജോഷി ഇവരോട് വീട്ടിൽ പോകാൻ പറഞ്ഞത് മൂലം ഉണ്ടായ വിരോധത്തിൽ വിശാൽ ബാബുവും കൂടെയുണ്ടായിരുന്ന സുഹൃത്തായ വിഷ്ണു സുരേഷും ചേർന്ന് എയർഗൺ ഉപയോഗിച്ച് ജോഷിയെ വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും,ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ വിശാൽ ബാബുവിന് ചങ്ങനാശ്ശേരിയിൽ കഞ്ചാവ്,അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച എയർ ഗൺ പോലീസ് പിടിച്ചെടുത്തു.
ചങ്ങനാശ്ശേരി എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ,ജോസഫ് വർഗീസ്, ഡെൻസിമോൻ ജോസഫ് സി.പി.ഒ മാരായ ഷാജി സി.ജി,ഷമീർ,സിബി തോമസ്, മജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.