
തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞു; ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു
കോട്ടയം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞതോടെ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു
നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് കടകളിൽ നോട്ടീസ് നൽകാൻ എത്തിയെങ്കിലും വ്യാപാരികൾ പ്രതിഷേധം ശക്തമാക്കിയതോടെ ഉദ്യോഗസ്ഥർ പിരിഞ്ഞു പോവുകയായിരുന്നു.
കല്പക സൂപ്പർ മാർക്കറ്റിനു മുന്നിൽ നിന്നും ആരംഭിച്ച് പ്രകടനം നഗരസഭയുടെ പ്രവേശന കവാടത്തിൽ എത്തി. അവിടെ വെച്ച് നഗരസഭ ആക്ടിംഗ് സെക്രട്ടറി അനില അന്ന വർഗീസ് വ്യാപാരികളോട് സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങൾ വ്യാപാരികൾ പെരുവഴിയിലിറങ്ങണോയെന്നും, രാജധാനി ഹോട്ടൽ പുന: നിർമ്മിച്ചപോലെ പൊളിക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കാമെന്നും, ഒഴിഞ്ഞുപോകാൻ ഞങ്ങൾ തയ്യാറാല്ലായെന്നും വ്യാപാരികൾ പറഞ്ഞു. സുപ്രിംകോടതി വിധി വരുന്നതുവരെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിരോധിക്കാനാണ് ഉദ്ദോശമെന്നും വ്യാപാരികൾ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെ വ്യാപാരികളുടെ പ്രതിഷേധം ശക്തമാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ തിരികെപോയി.
നിയമവിദഗ്ധരുമായി ആലോചിച്ച് കാലതാമസം വരുത്താതെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്ന് നഗരസഭ ആക്ടിംഗ് സെക്രട്ടറി അനില അന്ന വർഗീസ് അറിയിച്ചു.
വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റും സ്റ്റേറ്റ് ട്രഷറുറുമായ തോമസുകുട്ടി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് എം കെ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ, സിപിഎം ഏരിയ സെക്രട്ടറി ശശികുമാർ, ജില്ലാ കമ്മിറ്റി മെമ്പർ സി എൻ സത്യനേശൻ, ടിഡി ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി ബി വിനു, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എസ് രാജീവ്, കെപിസിസി നിർവാഹക സമിതി അംഗം കുഞ്ഞിലംപള്ളി, മർച്ചന്റ് അസോസിയേഷൻ മെമ്പർ അബു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് ജില്ലാ വൈസ് പ്രസിഡൻറ് അരുൺ മാർക്കോസ്, കെ പി നൗഷാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.