
ദളിത് ന്യൂനപക്ഷ അപരവത്കരണം സ്വാതന്ത്ര്യത്തിനു മേലുള്ള കരിനിഴൽ; കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്.
കോട്ടയം : നാനാത്വത്തിൽ ഏകത്വവും മതേതരത്വവും സമഭാവനയും ഉൾപ്പെടെ രാഷ്ട്രപിതാക്കന്മാർ വിഭാവനം ചെയ്ത ഇന്ത്യയെ ഭരണഘടനമായ ധാർമികത പുലർത്താത്ത ഭരണകൂടം മാറ്റിമറിക്കുകയും ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കടുത്ത അപരവത്കരണം നേരിടേണ്ടി വരികയും ചെയ്യുന്ന വർത്തമാന കാല ഇന്ത്യൻ സാഹചര്യം വേദനാജനകമാണ്. അത് സ്വാതന്ത്ര്യത്തിന്റെ മേലുള്ള കരിനിഴൽ ആണെന്നും കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്.
ഭീകരബന്ധം എന്ന ആരോപണം ഉയർത്തി സ്വന്തം ജനതയോട് വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന സംഘപരിവാർ ഭരണകൂടം ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്.
ദേശീയ പതാക നവമാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ ആക്കുന്നതു മാത്രമല്ല ജാതിമത ചിന്തകൾക്കതീതമായി ഓരോ പൗരനും ജീവനും സ്വത്തിനും സുരക്ഷിതത്വവും സംരക്ഷണവും പരസ്പരം ഉറപ്പ് വരുത്തുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണമാവുകയുള്ളൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് പൗരന്മാരിൽ നിന്നും അതിന് പ്രോത്സാഹനം നൽകേണ്ട നിലപാട് ഭരണാധികാരികളിൽ നിന്നും ഉണ്ടാകേണ്ടതന്നും യോഗം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതവിദ്വേഷ പ്രചരണങ്ങളിലൂടെ അധികാരം പിടിച്ചെടുത്ത സംഘപരിവാർ അധികാരം നിലനിർത്താൻ പ്രതിപക്ഷ പാർട്ടികളെയും മാധ്യമങ്ങളെയും ഉൾപ്പെടെ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി വിദ്വേഷപ്രചരണം കൂടുതൽ നടത്തി രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഈ പ്രവണതകളിൽ നിന്നും പിന്മാറാനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഉണ്ടാകേണ്ടതെന്നും പൊള്ളയായ ആഹ്വാനങ്ങളും വാഗ്ദാനങ്ങളും ഉപേക്ഷിക്കണമെന്നും ഇന്ത്യയുടെ വൈവിധ്യങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ തയ്യാറാണെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കമാൽ.എം.മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.ബി അമീൻഷാ അധ്യക്ഷത വഹിച്ചു. വി. ഓ അബു സാലി,തമ്പികുട്ടി പാറത്തോട്, ടിപ്പു മൗലാന,ടി.സി ഷാജി,എൻ.എ ഹബീബ്, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു