
മുട്ടുചിറ പാഴ്സൽ സർവീസ് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച കേസ്; അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ.
കൊല്ലം ഓടനാവട്ടം അജയ് ഭവനിൽ ശശികല മകൻ ശ്രീകുമാർ (27), കൊല്ലം പള്ളിത്തോട്ടം തോപ്പിൽ പള്ളിക്ക് സമീപം ഡോൺ ബോസ്കോ നഗർ ലൂക്കോസ് മകൻ കൊടിമരം ജോസ് എന്നുവിളിക്കുന്ന ജോസ് (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറയിലുള്ള പാഴ്സൽ സർവീസ് സ്ഥാപനത്തിലെ വാഹനം മോഷ്ടിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹന മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രണ്ടുപേർക്കും നിലവിലുള്ളത്. വിവിധ മോഷണ കേസുകളിൽ പ്രതികൾ ആയതിനെ തുടർന്ന് ഇരുവരും തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാർ ആയിരുന്നു. ശ്രീകുമാർ ഒരു മാസം മുൻപും ജോസ് രണ്ടു മാസം മുൻപും ആണ് പുറത്തിറങ്ങിയത്. ജോസിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, മ്യൂസിയം പൊലീസ് സ്റ്റേഷൻ, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, വെൺമണി പൊലീസ് സ്റ്റേഷൻ, ഓച്ചിറ പൊലീസ് സ്റ്റേഷൻ, കുണ്ടറ പൊലീസ് സ്റ്റേഷൻ, കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി മുപ്പതോളം കേസുകളും ശ്രീകുമാർ കൊട്ടിയം സ്റ്റേഷനിൽ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലും കോട്ടാരക്കര സ്റ്റേഷനിൽ വീട് മോഷണ കേസിലും ചാത്തന്നൂർ സ്റ്റേഷനിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലും പ്രതിയാണ്.
മോഷ്ടിക്കപ്പെട്ട വാഹനം പൊലീസ് കൊല്ലത്തു നിന്നും കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മുട്ടുചിറ ഭാഗത്തുള്ള പാർസൽ സർവീസ് സ്ഥാപനത്തിന്റെ പിൻവശത്ത് പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര ദോസ്ത് വാഹനം ശ്രീകുമാറും ജോസും ചേർന്ന് മോഷ്ടിച്ചു കൊണ്ടു പോയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികളിൽ ഒരാളെ കൊല്ലത്തുനിന്നും ഒരാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു.
വൈക്കം ഡിവൈ.എസ്.പി.
എ.ജെ. തോമസ്, കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച് ഓ സജീവ് ചെറിയാൻ, എസ്, ഐ വിപിൻ ചന്ദ്രൻ,എ എസ് ഐ വി.വി റോജി മോൻ സി.പി.ഓ മാരായ കെ.പി സജി, സജി കെ.കെ, അനൂപ് അപ്പുക്കുട്ടൻ, രജീഷ് പി ആർ, പ്രവീൺ കുമാർ എ.കെ, ധനീഷ് സി.എൻ സജയകുമാർ പി.റ്റി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.