
കള്ളൻ കപ്പലിൽ തന്നെ; കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണ്ണം അടിച്ച് മാറ്റിയ കേസിൽ സിഐ പ്രതി
സ്വന്തം ലേഖിക
തിരുവനന്തപുരം: പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച കേസിൽ സിഐ പ്രതിയായി കുറ്റപത്രം.
കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐ സിബി തോമസിനെ പ്രതിയാക്കി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിബി തോമസ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പ്രബേഷനറി എസ് ഐ ആയിരിക്കുമ്പോഴാണ് സംഭവം. പേരൂർക്കട സ്വദേശിയും കഞ്ചാവ് കേസിലെ പ്രതിയുമായ രാമസ്വാമിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി.
പരിക്കേറ്റ കുടുംബത്തെ ആശുപത്രിയിലാക്കി പൊലീസ് കാവൽ ഏർപ്പെടുത്തി. പിറ്റേന്ന് വീട്ടുകാർ എത്തിയപ്പോഴാണ് 56 പവൻ സ്വർണ്ണവും 70,000 രൂപയും നഷ്ടമായത് അറിഞ്ഞത്.
വീട്ടുകാരുടെ പരാതിയിൽ വീട് ആക്രമിച്ചവരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. എന്നാൽ സ്വർണ്ണം നഷ്മായതിന് പിന്നിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന പരാതിയുമായി കോടതിയെ കുടുംബം സമീപിക്കുകയായിരുന്നു. കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്വർണ്ണം രേഖപ്പെടുത്തിയതിലുള്ള വീഴ്ച്ചയാണെന്ന് റിപ്പോർട്ട് നൽകിയെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും ചെയ്തു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് സി ഐയെ പ്രതിയാക്കി പുതിയ റിപ്പോർട്ട് കോടതിയിൽ നൽകിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ലിനി തോമസ് ആണ് കേസ് പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി വള്ളക്കടവ് ജി മുരളീധരൻ ഹാജരായി.