
സ്വന്തം ലേഖകൻ
എരുമേലി: റോഡ് നിർമാണത്തിന് 25 ലക്ഷം അനുവദിച്ചെങ്കിലും റോഡ് നിർമിച്ചില്ല. രണ്ട് കലുങ്ക് ഉൾപ്പെടെ അനുബന്ധ ജോലികൾ കഴിഞ്ഞപ്പോൾ ഫണ്ട് തീർന്നെന്നാണ് കരാറുകാരൻ പറയുന്നത്. സംഭവത്തിൽ പ്രതിഷേധമായി സഹൃദയ സ്വാശ്രയ സംഘത്തിൻറെ നേതൃത്വത്തിൽ ഇന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാനാണ് തീരുമാനം.
എരുമേലിയിൽ തുമരംപാറ വാർഡിലെ കൊപ്പം റോഡിൻറെ പണിയാണ് ആക്ഷേപമായി മാറിയത്. ഒന്നര വർഷം മുമ്പ് മുൻ എംഎൽഎ യുടെ ഫണ്ടിൽ 25 ലക്ഷം രൂപ റോഡ് നിർമിക്കാൻ അനുവദിച്ചിരുന്നു. കരാറുകാരൻ ടെൻഡർ പിടിച്ചത് 21 ലക്ഷത്തോളം രൂപയ്ക്കായിരുന്നു. ടാറിംഗ് പൊളിഞ്ഞ ഭാഗങ്ങൾ റീ ടാർ ചെയ്യാനും കോൺക്രീറ്റ് നശിച്ച സ്ഥലങ്ങളിൽ കോൺക്രീറ്റ് ചെയ്യാനും കലുങ്ക് നിർമിക്കാനുമായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ മാസങ്ങളോളം പണികൾ നീണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസം മുമ്പാണ് പണികൾ ആരംഭിച്ചത്. എന്നാൽ രണ്ട് കലുങ്കും സംരക്ഷണ ഭിത്തിയും നിർമിച്ച ശേഷം പണികൾ നിലച്ചു. വീതി കുറഞ്ഞ ഭാഗത്ത് ഓട നിർമാണവും നടന്നു. അതേസമയം റോഡ് നിർമാണം നടന്നില്ല.കലുങ്ക് നിർമിച്ചത് അശാസ്ത്രീയമായാണെന്ന് ആക്ഷേപം ശക്തമാണ്. ചെളി അടിഞ്ഞ് റോഡിൽ ഗതാഗതം ബുദ്ധിമുട്ടായതോടെ പ്രതിഷേധം വ്യാപകമാവുകയായിരുന്നു. സംഭവം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയെന്ന് വാർഡ് അംഗം ബിനോയ് ഇലവുങ്കൽ പറഞ്ഞു. അതേസമയം കൂടുതൽ ഫണ്ട് ലഭിക്കാതെ ഇനി പണികൾ നടത്താൻ കഴിയില്ലെന്നാണ് കരാറുകാരൻ പറയുന്നത്.







