
പിറന്നുവീഴുന്ന പെണ്‍കുഞ്ഞിനെ നോക്കി ‘നാളെ ഒരുത്തനു കൊടുക്കാനുള്ളതല്ലേ എന്ന വാക്കുകൾ ഓതിക്കൊടുത്ത് വളർത്താതിരിക്കുക; കൊലക്കയറിന്റെ രൂപത്തിൽ താലിച്ചരടുകൾ ഉടലെടുക്കുമ്പോൾ ഉത്രയും വിസ്മയും ആവർത്തനങ്ങളാകുന്നു; സ്ത്രീധനം ആവശ്യപ്പെടുന്നവരോട് നോ പറയാൻ ശീലിച്ചാൽ മാതാപിതാക്കൾക്ക് പെൺമക്കളെ ജീവനോടെ കാണാം; വിവാഹ കമ്പോളത്തിലെ വില്പനച്ചരക്കാകാൻ നിന്നു കൊടുക്കാതിരിക്കാം
സ്വന്തം ലേഖകൻ
കാലം ഏറെ പുരോഗമിച്ചിട്ടും സ്ത്രീധന പീഡനത്തിലൂടെ പെൺകുട്ടികൾ മരിക്കുന്നു എന്ന വാർത്ത നടുക്കമുണ്ടാക്കുന്നതാണ്. സ്ത്രീധനം നല്‍കിയ കാര്‍ ഇഷ്ടപ്പെട്ടില്ല, തുക കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് നേരെ ശാരീരികമായും മാനസികമായും ഉള്ള പീഡനം.
കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കൊലക്കേസ്.വിസ്മയ എന്ന 24 വയസ്സുകാരി ആത്മഹത്യാ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതനായിരുന്ന കിരണ്‍ കുമാര്‍ ഇപ്പോള്‍ കുറ്റവാളിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധനം എന്ന സമ്പ്രദായം നിരോധിച്ചിട്ടു വര്‍ഷങ്ങളായി എന്നതാണ് സത്യം. എന്നാലും കിരണ്‍ കുമാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇപ്പോഴും പറയുന്നത് താന്‍ ചെയ്യുന്ന മഹത്തരമായ സര്‍ക്കാര്‍ ജോലിക്ക് എത്ര പണം വേണമെങ്കിലും സ്ത്രീധനമായി കിട്ടും, അതിനുള്ള അര്‍ഹത തനിക്കുണ്ട് എന്നൊക്കെയാണ്.
2020 ല്‍ ഉത്ര എന്ന പെണ്‍കുട്ടിയുടെ മരണത്തോടെയാണ് വീണ്ടും സ്ത്രീധന പീഡനവും മരണവും കേരളത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. അതിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്ബോള്‍ത്തന്നെ വിസ്മയയുടെ മരണവും കേരളം ഏറ്റെടുത്തു, അതിനു ശേഷം തുടരെ നിരവധി പെണ്‍കുട്ടികള്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു മരിച്ചു. അതില്‍ ആത്മഹത്യയും കൊലപാതകങ്ങളുമുണ്ട്.
വിസ്മയയുടെ ആത്മഹത്യക്കു ശേഷം എണ്‍പതു ദിവസത്തിനുള്ളില്‍ത്തന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ഇതിനിടയില്‍, കുറ്റവാളിയായ കിരണിന് അയാളുടെ അഭിമാനത്തിന്റെ കാരണമായിരുന്ന സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടു. ഒടുവില്‍ അയാള്‍ കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയും ചെയ്തു. പക്ഷേ മരിച്ചു പോയ ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ക്ക് നീതി കിട്ടിയിരുന്നോ? ജീവിച്ചിരിക്കുമ്ബോള്‍ കിട്ടുന്നതു മാത്രമാണ് ഒരാളെ സംബന്ധിച്ച് നീതി, അല്ലാത്തതെല്ലാം അനീതികള്‍ മാത്രമാണ്.
പിറന്നുവീഴുന്ന പെണ്‍കുഞ്ഞിനെ നോക്കി ‘നാളെ ഒരുത്തനു കൊടുക്കാനുള്ളതല്ലേ’ എന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നേരംപോക്കു വര്‍ത്തമാനങ്ങള്‍ അവള്‍ക്കു വേണ്ടി വീണ്ടും സമ്ബാദിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പെണ്‍കുഞ്ഞ് ഭാവിയിലേക്കുള്ള ഒരു വില്‍പനച്ചരക്കാണെന്നും ആണൊരുത്തനു വേണ്ടിയാണ് ജനിക്കുന്നതും വളരുന്നതും എന്നുമുള്ള കാഴ്ചപ്പാടാണ് പലര്‍ക്കും.
ഇന്ന് പലയിടത്തും കൊലക്കയറിന്റെ ലളിതരൂപമായി മാറുകയാണ് താലിച്ചരട്. കിട്ടിയ പണത്തിന്റെയും പൊന്നിന്റെയും അളവും തൂക്കവും നോക്കി തൃപ്തി വരാതാകുമ്ബോള്‍ പ്രാണന്‍ പോകും വരെ വരിഞ്ഞു മുറുക്കുന്ന കൊലക്കയര്‍.
മുഖം നോക്കാതെ ‘നോ’ പറയാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം. നിങ്ങള്‍ക്കു വിലയിട്ട്, നിങ്ങളെ വില്‍പനച്ചരക്ക് ആയി കാണുന്നവര്‍ ആരൊക്കെയാണോ അവരോടൊക്കെ ശക്തമായിത്തന്നെ നോ പറയണം.