play-sharp-fill
മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി; അഴിമതിക്കാരെ സംരക്ഷിക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സി തന്നെ കൂട്ടു നില്‍ക്കുന്നു

മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി; അഴിമതിക്കാരെ സംരക്ഷിക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സി തന്നെ കൂട്ടു നില്‍ക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അഴിമതിക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തിരശീലയ്ക്ക് പിന്നിലുള്ള ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി.

കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടറെ രക്ഷിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്റെ തുടര്‍ ചികിത്സയ്ക്കായി അമ്മയില്‍ നിന്നും പണം വാങ്ങുന്നതിനിടെ എല്ലു രോഗവിഭാഗത്തിലെ ഡോ.ജീവ് ജൂസ്റ്റസിനെ വിജിലന്‍സ് കൈയോടെ പിടികൂടിയിരുന്നു. ഡ്യൂട്ടി സമയത്ത് ആശുപത്രിയിലുണ്ടാകേണ്ട ഡോക്ടര്‍ വീട്ടില്‍ വച്ച്‌ 4,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.

എന്നാല്‍ അന്വേഷണം തുടങ്ങിയതോടെ കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് വരുത്തി തീർക്കാനായി ഡ്യൂട്ടി രജിസ്റ്ററില്‍ ഉള്‍പ്പടെ തിരുത്തലുണ്ടായി. അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ആര്‍എംഒ ഡോ.നിഷാദ്, ജൂനിയര്‍ കണ്‍സള്‍ട്ടായി ഡോ.ധന്യ എന്നിവര്‍ ചേര്‍ന്നാണ് ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയത്.

തുടര്‍ന്ന് കൈക്കൂലി വാങ്ങിയ ഡോക്ടക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും മറ്റ് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. നിയമോപദേശവും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന് അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കൈക്കൂലി വാങ്ങിയ ഡോക്ടറെ ഉള്‍പ്പെടെ കേസില്‍ നിന്നും ഒഴിവാക്കി വകുപ്പ്തല അന്വേഷണത്തിലൊതുക്കാന്‍ സുധേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഈ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയതോടെയാണ് വിജിലന്‍സ് മുന്‍ ഡയറക്ടറെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. സുധേഷ് കുമാറിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. അഴിമതിക്കാരെ സംരക്ഷിക്കാന്‍ അഴിമതി വിരുദ്ധ ഏജന്‍സി തന്നെ കൂട്ടു നില്‍ക്കുന്നുവെന്നും കുറ്റപ്പെടുത്തി.