വര്‍ക്കലയിലെ റിസോര്‍ട്ടിന്റെ മറവില്‍ നടത്തിയത് വന്‍ ലഹരി കച്ചവടം; മയക്കുമരുന്ന് മാഫിയയില്‍ 21 കാരിയായ യുവതി അടക്കം 10 പേര്‍; ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

വര്‍ക്കലയിലെ റിസോര്‍ട്ടിന്റെ മറവില്‍ നടത്തിയത് വന്‍ ലഹരി കച്ചവടം; മയക്കുമരുന്ന് മാഫിയയില്‍ 21 കാരിയായ യുവതി അടക്കം 10 പേര്‍; ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

സ്വന്തം ലേഖിക

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഒന്നാം പ്രതിക്ക് ജാമ്യം നിഷേധിച്ച്‌ കോടതി.

വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ട് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി ഇടവ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാനാണ് (27) ജാമ്യം നിരസിച്ചത്.
തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടിന്റെ ഉടമയാണ് സല്‍മാന്‍. ഫെബ്രുവരി 11 മുതല്‍ റിമാന്റില്‍ കഴിയുകയാണ് ഇയാള്‍.
പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്.

കേസ് ഡയറി പരിശോധിച്ചതില്‍ പ്രതിയുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതിയെ സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്‌ട്രോണിക് ത്രാസും പൗച്ചും സൂക്ഷിച്ച്‌ വില്‍പ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികള്‍ റിസോര്‍ട്ടിലെ കോട്ടേജില്‍ തങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്.

റിസോര്‍ട്ട് ഉടമ സല്‍മാന്‍ (27) , മാവിന്‍ മൂട് ഷൈജു (37) , മുണ്ടയില്‍ സ്വദേശി വിഷ്ണു (25) , ശ്രീനിവാസപുരം സ്വദേശികളായ നാച്ച (23) , സലീം (25) , കുറമണ്ഡലം സ്വദേശിനിഷാദ് (21) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) , മണ്ണാറ സ്വദേശി ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) എന്നിവരാണ് കേസിലെ 1 മുതല്‍ 10 വരെയുള്ള പ്രതികള്‍.

റിസോര്‍ട്ട് വാടകയ്‌ക്കെടുത്ത് വന്‍ കഞ്ചാവ് വില്‍പ്പനയാണ് കാലാകാലങ്ങളായി സംഘം നടത്തി പോന്നത്. ഒരാളുടെ പേരിലുള്ള റിസോര്‍ട്ടില്‍ മറ്റു 9 പേരും നടത്തിപ്പുക്കാരാണ്. കഞ്ചാവ് കച്ചവടത്തിലെ പരിചയം കൃഷ്ണപ്രിയയേയും ഒൻപത് സുഹൃത്തുക്കളെയും കൊണ്ടെത്തിച്ചത് റിസോര്‍ട്ട് ബിസിനസില്‍ ആയിരുന്നു. റിസോര്‍ട്ടിന്റെ മറവില്‍ മയക്കുമരുന്ന് വില്പനയുടെ സാദ്ധ്യതകള്‍ മനസിലാക്കിയ സംഘം 2 വര്‍ഷത്തോളമായി കഞ്ചാവ് വില്‍പ്പനയുമായി സജീവമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇതിനു മുൻപൊരിക്കലും പിടിക്കപ്പെടാത്തത് പ്രതികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയായിരുന്നു. അതുകൊണ്ട് തന്നെ യാതൊരു മുന്‍കരുതലുകളും എടുക്കാത്തതാണ് 7 കിലോയിലധികം കഞ്ചാവ് പിടികൂടാന്‍ കാരണം ആയതെന്നും പോലീസ് വ്യക്തമാക്കുന്നു.

ചെറിയ ചെറിയ കഞ്ചാവ് വാഹകര്‍ ആയിരുന്നവര്‍ പിന്നീട് ഒന്നിച്ചു കൂടി റിസോര്‍ട്ട് എന്ന ആശയത്തിലേക്ക് ഒന്നിക്കുകയായിരുന്നു. റിസോര്‍ട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെയും വിദേശികളെയും ലക്ഷ്യമിട്ടായിരുന്നു റിസോര്‍ട്ടിലെ കഞ്ചാവ് വില്‍പന. പെര്‍മിറ്റ് ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതും.