video
play-sharp-fill
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച്‌ ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച്‌ ചീഫ് സെക്രട്ടറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു.

സംസ്ഥാനത്ത് മെയ് 14 മുതല്‍ 16 വരെ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചത്. മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് ഓണ്‍ലൈന്‍ യോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച 8 ജില്ലകളിലെ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവര്‍ഷത്തിന് മുന്നോടിയായി അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

കാലവര്‍ഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്‍റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന്‍റെ തീരദേശപാതിയിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനെയും കരുതണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. തിങ്കളാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും.

ഇക്കുറി പതിവിലും നേരത്തെ കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജന്‍സികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്. നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷമെത്തും. കേരളത്തില്‍ 27ന് കാലവര്‍ഷം തുടങ്ങുമെന്നാണ് വിലയിരുത്തല്‍. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയുമുണ്ട്. സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്കൈമെറ്റിന്‍റെ പ്രവചനപ്രകാരം കേരളത്തില്‍ മെയ്‌ 26 കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.