സ്വന്തം ലേഖകൻ
കോട്ടയം: പുലർച്ചെ വീട്ടിൽ നിന്നു കാണാതായ പെയിന്റിംഗ് തൊഴിലാളിയെ താഴത്തങ്ങാടി തൂക്ക് പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലു മണി മുതൽ വീട്ടുകാർ അന്വേഷിച്ച്് നടക്കുന്നതിനിടെയാണ് അഞ്ചു മണിയോടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താഴത്തങ്ങാടി കുമ്മനം കരിമ്പാറയിൽ ഗോപിയുടെ(61) മൃതദേഹമാണ് പുലർച്ചെ പാലത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടൈത്തിയത്.
സ്ഥിരം മദ്യപാനിയായ ഗോപിയും വീട്ടുകാരുമായി നേരത്തെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇദ്ദേഹത്തെ കാണാതെ വന്നത്. ഇതിനിടെ ഇല്ലിക്കലിലെ തൂക്ക് പാലത്തിൽ ചുവട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചത് ഗോപിയാണെന്ന് ഉറപ്പിച്ചത്.
തുടർന്ന് നാട്ടുകാർ വിവരം പൊലീസ് സംഘത്തെ അറിയിച്ചു. കുമരകം എസ്.ഐ രജൻ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ പൊലീസുകാർ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ഇൻക്വസ്റ്റും മറ്റു നടപടികളും നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ ദുരൂഹത ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.