കോട്ടയം നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് മാസങ്ങൾ; നാട്ടകം മണിപ്പുഴ മേഖലകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം; കുടിവെള്ളമെത്തിക്കാൻ സർക്കാർ 11 ലക്ഷം രൂപ നൽകിയിട്ടും അനക്കമില്ലാതെ നഗരസഭ; നഗരസഭയുടെ ടാങ്കർലോറി കട്ടപ്പുറത്തായിട്ട് മാസങ്ങൾ; ഒരിറ്റു വെള്ളം കുടിച്ചിട്ടെങ്കിലും അന്ത്യശ്വാസം വലിക്കാൻ നഗരസഭ അനുവദിക്കുമോ?
സ്വന്തം ലേഖകൻ
കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിലെ നാട്ടകം മണിപ്പുഴ, മൂലേടം, മറിയപ്പള്ളി, മുട്ടം, ചെട്ടിക്കുന്ന്, പാക്കിൽ മേഖലകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം. വരും ദിവസങ്ങളിൽ വേനൽ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം മുൻവർഷങ്ങളേക്കാൾ കഠിനമാകുമെന്നുറപ്പാണ്.
കുടിവെള്ളമെത്തിക്കാൻസംസ്ഥാനസർക്കാർ 11 ലക്ഷം രൂപ നൽകിയിട്ടും അനക്കമില്ലാതെ നഗരസഭാ അധികൃതർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളിൽ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ വേണ്ട യാതൊരു നടപടികളും കൈക്കൊള്ളാൻ കാശ് വാങ്ങി പോക്കറ്റിലിട്ട അധികൃതർ ശ്രമിക്കുന്നില്ല.
ജില്ലയിലെ ജലസ്രോതസുകൾ സംരക്ഷിക്കാനോ, പൊട്ടിയ പൈപ്പുകളും, വർഷങ്ങൾ പഴക്കമുള്ള ജലവിതരണ സംവിധാനങ്ങളും പുന:സ്ഥാപിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാകുന്നില്ലായെന്നും വ്യാപകമായ പരാതിയുണ്ട്.
നഗരത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള മേഖലകളിൽ നിരവധി ആളുകൾ കുടിവെള്ളത്തിനും, അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്ക്പോലും ദുരിതമനുഭവിക്കുകയാണ്. കുട്ടികൾ മുതൽ വൃദ്ധജനങ്ങളും കിടപ്പുരോഗികൾക്കുമായി വെള്ളം തലച്ചുമടായി കൊണ്ടുവന്ന് ആവശ്യങ്ങൾ നിറവേറ്റുകയാണ് ചെയ്യുന്നത്. ഇതിനൊരു പരിഹാരം കാണണമെന്ന് സംഘടനകളും, കൂട്ടായ്മകളും നിരവധി തവണ പരാതിപ്പെട്ടിട്ടും അപേക്ഷകൾ നല്കിയിട്ടും യാതൊരു ഫലവും ഇല്ല.
മുൻപ് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് നല്കുകയെന്ന നടപടി അധികൃതർ സ്വീകരിച്ചിരുന്നുവെങ്കിലും നിലവിൽ നഗരസഭയുടെ ടാങ്കർലോറി കട്ടപ്പുറത്തായിട്ട് മാസങ്ങളായി.ഇത് നന്നാക്കി കുടിവെള്ളമെത്തിക്കാനോ, പകരം സ്വകാര്യടാങ്കറിൽ വെള്ളമെത്തിക്കാനോ നഗരസഭാ അധികൃതർ തയ്യാറാകുന്നില്ല.
കുടിവെള്ളം എത്തിക്കാൻ 11 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിട്ടും കട്ടപ്പുറത്തായ ടാങ്കർലോറി പ്രവർത്തന സഞ്ജമാക്കാനോ മറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്താനോ തയ്യാറാകാതെ മുടന്തൻ ന്യായങ്ങളാണ് അധികൃതർ നടത്തുന്നത്.
നഗരസഭാ ജനപ്രതിനിധികളും രാഷ്ടീയ പാർടികളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കൂടിയാലോചിച്ച് അടിയന്തിര പരിഹാരം കണ്ടെത്തേണ്ടതാണ്. അല്ലെങ്കിൽ ഇനിയുള്ള യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്ന പ്രവചനം സാധ്യമാകും.
എന്നാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് പലതവണ നഗരസഭാ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതായും , ഇനിയും അനാസ്ഥ തുടർന്നാൽ വലിയ രീതിയിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.