video
play-sharp-fill

മരണം മാടിവിളിച്ച്‌ ഇടുക്കി ജലാശയം,അപകടത്തില്‍പ്പെടുന്നതേറെയും അന്യജില്ലക്കാര്‍;അപകടം സഭവിക്കുന്നതിന് കാരണങ്ങൾ നിരവധി

മരണം മാടിവിളിച്ച്‌ ഇടുക്കി ജലാശയം,അപകടത്തില്‍പ്പെടുന്നതേറെയും അന്യജില്ലക്കാര്‍;അപകടം സഭവിക്കുന്നതിന് കാരണങ്ങൾ നിരവധി

Spread the love

സ്വന്തം ലേഖിക
ഇടുക്കി:രണ്ടാഴ്‌ചയ്‌ക്കിടെ ഇടുക്കി ജലാശയത്തില്‍ വീണ്‌ മരിച്ചത് രണ്ടു പേർ. ഏറ്റവുമൊടുവില്‍ മരിച്ചത്‌ എറണാകുളം സ്വദേശിനിയായ പ്ലസ്‌ ടു വിദ്യാര്‍ഥിനി ഇഷ ഫാത്തിമ.

ഫാത്തിമയോടൊപ്പമുണ്ടായിരുന്ന ആറു കുട്ടികളും അപകടത്തില്‍പ്പെട്ടെങ്കിലും സമീപവാസിയായ അഭിലാഷ്‌ അറുപേരെയും സാഹസികമായി രക്ഷപ്പെടുത്തി. ഡാമിന്റെ പ്രത്യേകതകളും വെള്ളത്തിന്റെ രീതികളും ഭൂപ്രദേശങ്ങളുമെല്ലാം കൃത്യമായി അറിയാവുന്നവര്‍ക്കുപോലും പലപ്പോഴും ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്‌.

മലഞ്ചെരുവുകളിലാണ്‌ വെള്ളം കെട്ടിനില്‍ക്കുന്നത്‌.വര്‍ഷങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത്‌ കൊണ്ട്‌ മണ്ണും മറ്റും ഒലിച്ചുപോയി വഴുക്കലുള്ള കുത്തനെയുള്ള പാറയും അന്‍പതിലേറെ അടി താഴ്‌ചയുള്ള പ്രദേശങ്ങളുമാണ്‌ കൂടുതലും.സുരക്ഷയുമില്ലാത്ത കുത്തനെയുള്ള പ്രദേശങ്ങളില്‍ പോയി നില്‍ക്കുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും. വെള്ളത്തിലേക്ക്‌ എടുത്തുചാടിയാല്‍ ചില പ്രദേശങ്ങളില്‍ നല്ല ചെളിയായിരിക്കും. അതില്‍ ചെന്ന്‌ കാലുകുത്തിയാല്‍ ഒരു തരത്തിലും മുകളിലേക്ക്‌ ഉയര്‍ന്നുവരാന്‍ കഴിയില്ല. നിന്ന നില്‍പ്പില്‍ അവിടെനിന്ന്‌ ജീവന്‍ നഷ്‌ടമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴുകിവന്ന കല്ലുകള്‍ അടക്കം ഡാമില്‍ ഒരുപാട്‌ പാറക്കെട്ടുകള്‍ കാണാം. വെള്ളത്തില്‍ ഇറങ്ങുമ്ബോള്‍ അറിയാതെ ആ പാറക്കൂട്ടങ്ങളുടെ ഇടയില്‍ കാല്‍ക്കുടുങ്ങിയാല്‍ പിന്നെ രക്ഷയില്ല. ശാന്തമായി കെട്ടിക്കിടക്കുന്ന വെള്ളമെന്ന്‌ തോന്നുമെങ്കിലും വഴുക്കലുള്ള പാറയില്‍ ചവിട്ടി തെന്നിവീണാല്‍ നിലയില്ലാ കയത്തിലേക്കാകും ചെന്നുവീഴുക. പ്രദേശത്തെ നന്നായി അറിയാവുന്നവര്‍ക്കുപോലും ഇങ്ങനെയുള്ള ചുഴികളില്‍ നിന്നും രക്ഷപെടാന്‍ ബുദ്ധിമുട്ടാണ്‌. മീന്‍പിടുത്തക്കാര്‍ തടാകത്തില്‍ കെട്ടിവച്ചിരിക്കുന്ന വലകളും അവര്‍ ഉപേക്ഷിച്ചുപോയ വലകളുമെല്ലാം ഡാമില്‍ പലയിടങ്ങളിലുണ്ട്‌.

വലയില്‍ കാല്‍ കുടുങ്ങിയും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്‌. ഡാമിന്റെ കരയില്‍ ജനവാസമുള്ള പ്രദേശങ്ങള്‍ വളരെ കുറവാണ്‌. ഒരു അപകടമുണ്ടായാല്‍ പുറംലോകത്തെ അറിയിക്കാന്‍ പോലും പലപ്പോഴും അടുത്തെങ്ങും ആളുകളുണ്ടാകില്ല. വനത്തിലൂടെയാണ്‌ ഡാമിന്റെ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്ര. മൊബൈല്‍ റേഞ്ച്‌ പ്രശ്‌നമുണ്ടാകാനും സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു അപകടമുണ്ടായാല്‍ പുറംലോകം അറിഞ്ഞു വരുമ്ബോള്‍ ഏറെ താമസിക്കും.

ഡാമിന്റെ ഭൂരിഭാഗം പ്രദേശവും വനമേഖലയിലാണ്‌ സ്‌ഥിതിചെയ്യുന്നത്‌. ഉള്‍പ്രദേശങ്ങളിലേക്ക്‌ പോകണമെങ്കില്‍ വനംവകുപ്പിന്റെ അനുമതിയും കൂടെ പരിചയസമ്ബന്നരായ ഗൈഡുമാരുടെ സേവനവും വേണ്ടി വരും. ഇതൊന്നുമില്ലാതെ വനത്തില്‍ കയറിയാല്‍ മറ്റു നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നതും പലര്‍ക്കും അറിയില്ല. തടാകത്തിലെ വെള്ളത്തിന്‌ തണുപ്പ്‌ കൂടുതലാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. താഴ്‌ന്നുപോയാല്‍ സാധാരണ വെള്ളത്തില്‍ നീന്താന്‍ കഴിയുന്നത്‌ പോലെ ഈ വെള്ളത്തില്‍ നീന്താന്‍ കഴിയില്ല. വെള്ളത്തിന്‌ അത്രമാത്രം സാന്ദ്രതയാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നു.

നീന്തല്‍ അറിയാവുന്നവര്‍ക്ക്‌ പോലും വെള്ളത്തിലിറങ്ങിയാല്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടും. അഞ്ചുരളി ടൂറിസ്‌റ്റ്‌ കേന്ദ്രത്തിലടക്കം വനം വകുപ്പ്‌ വാച്ചര്‍മാരെയോ, സെക്യൂരിറ്റികളെയോ സ്‌ഥാപിക്കണമെന്നത്‌ നാളുകളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജലാശയങ്ങളില്‍ ഇറങ്ങുന്നത്‌ കര്‍ശനമായി നിരോധിക്കുകയും നീരീക്ഷണത്തിന്‌ ജീവനക്കാരെ നിയോഗിക്കുകയും ചെയ്‌താല്‍ കുറെയധികം ജീവനുകള്‍ നഷ്‌ടമാകാതെ കാത്തു സൂക്ഷിക്കാനാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.