യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച് ആറ് കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസ്; കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജ് അറസ്റ്റിൽ
സ്വന്തം ലേഖിക
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് യാത്രക്കാരുടെ രേഖകള്‍ ഉപയോഗിച്ച് ആറ് കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു.
കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. കള്ളക്കടത്തിന് കൂട്ടുനിന്നതിനും അഴിമതിക്കും കുറ്റം ചുമത്തപ്പെട്ട ലൂക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ല്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്.
പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സി.ഇ.ഒ സുന്ദരവാസന്‍, ജീവനക്കാരായ മദന്‍, കിരണ്‍ ഡേവിഡ് എന്നിവരാണ് മറ്റു പ്രതികള്‍.
തിരുവനന്തപുരം വിമാനത്താവളത്തിലെ സൂപ്രണ്ടായിരുന്ന ലൂക്ക് കെ. ജോര്‍ജ് 13,000 ത്തോളം പേരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ പ്ലസ് മാക്സിന് കൈമാറി ആറ് കോടി രൂപ വിലമതിക്കുന്ന വിദേശമദ്യം പുറത്തുകടത്തി.
ഇതിന് പ്രതിഫലമായി ലൂക്ക് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിരുന്നു. കുട്ടികളായ യാത്രക്കാരുടെ പാസ്പോര്‍ട്ടിന്റെ പേരിലും മദ്യം കടത്തി.
സി.ബി.ഐ അറസ്റ്റ് ചെയ്തെങ്കിലും ഉന്നതങ്ങളില്‍ പിടിപാടുള്ളതിനാല്‍ ലൂക്കിനെതിരെ കസ്റ്റംസ് വകുപ്പുതല നടപടി സ്വീകരിക്കാതെ ഓഡിറ്റ് വിഭാഗത്തില്‍ സൂപ്രണ്ടായി തുടര്‍ന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ പുതിയ കമ്മിഷണറായി നിയമിതനായ രജേന്ദ്രകുമാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്.
കസ്റ്റംസിലെ ഒരു സൂപ്രണ്ടിനെ പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്യുന്നതും ആദ്യമാണ്. കള്ളക്കടത്തിന് കൂട്ടുനിന്ന ഫ്രാന്‍സിസ് എന്ന ഹവില്‍ദാറെ ഏതാനും മാസം മുൻപ് പിരിച്ചുവിട്ടിരുന്നു.