
ലത മങ്കേഷ്കറുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
സ്വന്തം ലേഖകൻ
ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യനില അതീവ ഗുരുതരം.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഐസിയുവില്‍ അവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീക് സംദാനിയെ ട്വീറ്റ് ചെയ്തു.
ജനുവരി 11നാണ് ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടെ ന്യൂമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളായി. തങ്ങളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് സൗഖ്യം നേർന്ന് നിരവധി ആരാധകർ രംഗത്തുവന്നിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീത ലോകത്തിലെ നിറസാന്നിദ്ധ്യമാണ് ലതാ മങ്കേഷ്കർ. വിവിധ ഭാഷകളിലായി 30,000-ത്തിലധികം ഗാനങ്ങൾ ലതാ മങ്കേഷ്കറിന്റെ മധുര ശബ്ദത്തിൽ പുറത്തിറങ്ങിയത്. 1942ൽ 13 വയസുള്ള സമയത്താണ് പിന്നണി ഗായികയുടെ വേഷമണിയുന്നത്.
പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ ശബ്ദമായി ലത മാറി. 2001 ൽ ഭാരതരത്ന നൽകി രാജ്യം ആദരിച്ചിരുന്നു. പദ്മഭൂഷൺ, പദ്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.