
സംസ്‌ഥാനത്ത് പോക്‌സോ കേസുകൾ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ കൂടി; ഇതോടെ നിലവിൽ വരിക 56 അതിവേഗ സ്‌പെഷ്യല്‍ കോടതികൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ സംസ്‌ഥാനത്ത് പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.
14 ജില്ലകളില്‍ നിലവിലുള്ള ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളില്‍ അനുവദിച്ച സ്‌റ്റാഫ് പാറ്റേണിലും നിയമന രീതിയിലും കോടതികള്‍ ആരംഭിക്കുന്ന മുറയ്‌ക്ക് തസ്‌തികകള്‍ അനുവദിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ജഡ്‌ജ്, സീനിയര്‍ ക്ളാര്‍ക്ക്, ബഞ്ച് ക്ളാര്‍ക്ക് എന്നിവരുടെ ഓരോ തസ്‌തികകലും സൃഷ്‌ടിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്/എല്‍ഡി ടൈപ്പിസ്‌റ്റ് എന്നിവരുടെ ഓരോ തസ്‌തികകളും ഓഫിസ് അറ്റന്‍ഡന്റിന്റെ രണ്ട് തസ്‌തികകളും കരാര്‍ അടിസ്‌ഥാനത്തിൽ സൃഷ്‌ടിക്കാനും യോഗത്തിൽ തീരുമാനമായി.
കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
കുടുംബ കോടതികളിൽ വിജയിക്കാൻ പല മാതാപിതാക്കളും ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. പുതിയ കണക്ക് അനുസരിച്ച്, മലപ്പുറം ജില്ലയാണ് 399 കേസുകളുമായി ഒന്നാം സ്‌ഥാനത്തുള്ളത്. 2019ല്‍ മലപ്പുറത്ത് 444 പോക്‌സോ കേസുകളും 2020ല്‍ അത് 379ഉം ആയിരുന്നു. തിരുവനന്തപുരം റൂറലിലും സിറ്റിയിലും കൂടി ആകെ 387 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പാലക്കാട് 227, എറണാകുളം ജില്ലയിൽ 275, കൊല്ലത്ത് 289, കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 267ഉം, തൃശൂരിൽ 269ഉം പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കുട്ടികളുടെ സംരക്ഷണം വിട്ടുകിട്ടാൻ പങ്കാളിക്കെതിരെ വ്യാജ പോക്‌സോ കേസുകൾ ഫയൽ ചെയ്യുന്നത് വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. വിശേഷിച്ചും, മാതാവ്, പിതാവിനെതിരെ പോക്‌സോ ഫയൽ ചെയ്യുന്നത് വർധിക്കുന്നുണ്ടെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടിക്കുമേൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി പൊലീസിൽ ലഭിക്കുന്നതോടെ കുട്ടിയുടെ അവകാശം സ്‌ഥാപിക്കാൻ പിതാവിന് കഴിയാതെ വരികയും കേസ് ജയിക്കാനും കുട്ടിയുടെ സംരക്ഷണം മാതാവിന് കിട്ടാനും ഇത് കാരണമാകുന്നുണ്ട്.