
മൂര്‍ഖന്‍ നാല് തവണ പുറത്ത് ചാടി; വാവ സുരേഷിന് കടിയേറ്റത് അഞ്ചാം തവണ ചാക്കിനടുത്തേക്ക് കാല്‍ വച്ച് പാമ്പിനെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍; കാഴ്ച കണ്ട് തലകറങ്ങി വീണ നാട്ടുകാരനും ആശുപത്രിയില്‍; വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; സ്വയം ശ്വസിച്ചു തുങ്ങി; ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ ഗതിയില്‍
സ്വന്തം ലേഖിക
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ ഗതിയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുറിച്ചിയില്‍ ഒരാഴ്ചയോളമായി പ്രദേശവാസികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന പാമ്പിനെ പിടിക്കാനെത്തിയപ്പോഴായിരുന്നു വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ദിവസങ്ങള്‍ക്ക് മുൻപാണ് ജലധരന്‍ എന്നയാളുടെ വീട്ടിലെ പശുത്തൊഴുത്തിന് സമീപം കല്‍ക്കെട്ടില്‍ പാമ്പിനെ കണ്ടത്. ഇന്നലെ വീണ്ടും കണ്ടു. തുടര്‍ന്ന് സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉടന്‍ ഇവിടെ ഒന്നല്ല രണ്ട് പാമ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് നടുവേദന ഉള്ളതിനാല്‍ കല്ലും മറ്റും നാട്ടുകാരാണ് മാറ്റിയത്. ഇതിനിടയില്‍ മൂര്‍ഖനെ കാണുകയും ചെയ്തു. വാവ സുരേഷ് ഉടന്‍ പാമ്പിനെ പിടികൂടി. നാല് തവണ പാമ്പ് ചാക്കില്‍ നിന്ന് പുറത്തുചാടി. അഞ്ചാം തവണ വാവ സുരേഷ് കാല് ചാക്കിനടുത്തേക്ക് നീക്കിവച്ച് മൂര്‍ഖനെ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
കടി വിടാതിരുന്ന മൂര്‍ഖനെ വാവ സുരേഷ് ബലമായി വലിച്ചു മാറ്റുകയായിരുന്നു. നിലത്തുവീണ പാമ്പ് കല്‍ക്കെട്ടിനകത്തേക്ക് ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. കാറില്‍ കൊണ്ടു വയ്ക്കുകയും ചെയ്തു. വാവ സുരേഷ് തന്നെയാണ് ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞത്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നു. ചിങ്ങവനത്ത് എത്തിപ്പോള്‍ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയോടെ ഛര്‍ദിച്ച് അവശ നിലയിലായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കി.
വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത് കണ്ട് നാട്ടുകാരിലൊരാള്‍ തലകറങ്ങി വീണു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ നാട്ടുകാരനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.