
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടയിൽ വാവ സുരേഷിന് കടിയേറ്റു; വാവ സുരേഷ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ; നില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
കോട്ടയം: പാമ്പുപിടുത്ത വിദഗ്ധന്‍ വാവ സുരേഷിന് പാമ്പ് കടിയേറ്റു.
കോട്ടയം കുറിച്ചിയിലെ നീലംപേരൂരിൽ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിനെ പാമ്പ് കടിച്ചത്. വൈകിട്ട് 4:30 ഓടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളത്ത് ആയിരുന്ന വാവ സുരേഷ് പാമ്പിന് പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച് വരുത്തിയത്.
പാമ്പിനെ പിടികൂടി ചാക്കില്‍ ഇടുന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കൊത്തിയത്.
രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാകുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.
ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ഒരാഴ്ചയാണ് ചികിത്സയില്‍ കഴിഞ്ഞത്.
2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടുമ്പോഴാണ് സുരേഷിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.