
ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിലും വരാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു; ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മിഷനറിയാണ് ഞാൻ; അതിന് ദൈവം അവസരം തന്നു; വിധി പ്രഖ്യാപനത്തിന് ശേഷം ഫ്രാങ്കോ മുളയ്ക്കൽ പോയത് കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ കുർബാന അർപ്പിക്കാൻ
സ്വന്തം ലേഖകൻ
കോട്ടയം: പീഡനക്കേസിൽ ജലന്ധർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിയ്ക്ക് ശേഷം പ്രതികരിച്ച് ഫ്രാങ്കോ മുളയ്ക്കൽ. വിധി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ കുർബാന അർപ്പിച്ചു. കുർബാന മദ്ധ്യേ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് അദ്ദേഹം നന്ദി അർപ്പിച്ചു. ദൈവത്തിൽ നിന്ന് വന്ന വിധിയായി കരുത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ഫ്രാങ്കോ മുളയ്ക്കലിന് മധുരം നൽകി ആശംസകൾ നേർന്നു.
‘ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയിലും വരാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. ദൈവം ഉണ്ടെന്നും ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മിഷനറിയാണ് ഞാൻ. അതിന് ദൈവം അവസരം തന്നു. പ്രാർത്ഥനയ്ക്ക് ശക്തിയുണ്ടെന്ന് ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും മനസ്സിലായി. സത്യത്തെ സ്നേഹിക്കുന്നവരും, സത്യത്തിന് വേണ്ടി നിൽക്കുന്നവരും എപ്പോളും എന്റെ കൂടെയുണ്ടായിരുന്നു’ എന്ന് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലം ഉള്ള മരത്തിൽ കല്ലെറിയും, അതിൽ അഭിമാനമാണുള്ളത്. ഏവരും തുടർന്ന് പ്രാർത്ഥിക്കുക ദൈവത്തെ സ്തുതിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്തെ ധ്യാന കേന്ദ്രത്തിൽ കുർബാന അർപ്പിച്ച ശേഷം ജന്മനാടായ തൃശ്ശൂരിലേയ്ക്കാണ് അദ്ദേഹം പുറപ്പെടുക. തന്റെ മാതാപിതാക്കളെ അടക്കിയ കല്ലറയിൽ ചെന്ന് പുഷ്പാജ്ഞലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സമീപകാല കേരള ചരിത്രം പരിശോധിക്കുമ്പോൾ ഒറ്റപ്പെട്ട ഒരു സംഭവം തന്നെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനം. പല നാടകീയവും നിർണായകവുമായ മുഹൂർത്തങ്ങൾക്കും വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും കേരളക്കര സാക്ഷിയായി. ബിഷപ്പിനെതിരെ 6 വര്ഷം നീണ്ട നിയമ പോരാട്ടമായിരുന്നു പരാതിപ്പെട്ട കന്യാസ്ത്രീ നടത്തിയത്.
ലൈംഗിക ചൂഷണത്തിന് പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് കഴിഞ്ഞ കാലയളവിൽ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കൊടും ക്രൂരതയും അവഗണനയുമായിരുന്നു. പരാതിയിൽ നിന്ന് പിന്തിരിയാൻ സഹോദരനെ കള്ളകേസിൽ കുടുക്കിയും കന്യാസ്ത്രീയുടെ സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തും വേട്ടക്കാർ പരസ്യമായി വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും കന്യാസ്ത്രീ പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.