
തലച്ചോറിലെ രോഗത്തിന് ചികിത്സിക്കുമ്പോൾ കോവിഡ് ബാധിതയായി; അതിന്റെ തുടർച്ചയായി ഹൃദയത്തിനും ചെറിയതകരാറുകൾ; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ എറണാകുളം സ്വദേശികൾ ഒരുമാസമായി ഉറങ്ങുന്നത് ഓട്ടോയ്ക്കുള്ളിലെ പായയിൽ; രോഗവും ദാരിദ്ര്യവും തളർത്തിയിട്ടും പരാശ്രയം കൂടാതെ കഴിയുന്ന ദമ്പതികൾ കാഴ്ച്ചക്കാർക്ക് നോവാകുന്നു
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ എറണാകുളം സ്വദേശികളായ ദമ്പതികൾ രോഗവും ദാരിദ്ര്യവും തളർത്തിയിട്ടും പരാശ്രയം കൂടാതെ കഴിയുന്നത് കാഴ്ച്ചക്കാർക്ക് നോവാകുന്നു. വാടകയ്ക്ക് താമസിക്കാൻ പണം കണ്ടെത്താനാകാത്തതിനാൽ എറണാകുളം കച്ചേരിപ്പടി, വടുതല വട്ടപ്പറമ്പിൽ സണ്ണി(48)യും ഭാര്യ സ്വപ്ന(42)യും താമസിക്കുന്നത് തങ്ങളുെട ഓട്ടോറിക്ഷയിലാണ്.
തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്നയ്ക്കും ഹൃദയശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ള സണ്ണിയ്ക്കും ഇടവിട്ട ദിവസങ്ങളിൽ ആശുപത്രിയിൽ എത്തണം. സന്നദ്ധ സ്ഥാപനമായ ‘നവജീവനും’ ചില ഉദാരമതികളും ചെറിയസഹായം നൽകുന്നുണ്ട്. എങ്കിലും ചികിത്സയ്കും ശസ്ത്രക്രിയയ്ക്കുമായി ആരുടെയെങ്കിലും വലിയ സഹായം കൂടിയേ തീരൂ. ഒരുമാസമായി ഓട്ടോയ്ക്കുള്ളിലെ പായയിലാണ് ഇരുവരുടേയും ഉറക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒൻപതുവർഷം മുമ്പാണ് സ്വപ്നയ്ക്ക് തലവേദന വന്നത്. എറണാകുളത്തെ ആശുപത്രികളിൽ ചികിത്സതേടി സന്പാദ്യം തീർന്നു. കടവും ബാധ്യതയുമായപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. തലച്ചോറിലെ രോഗത്തിന് ചികിത്സിക്കുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. അതിന്റെ തുടർച്ചയായി ഹൃദയത്തിനും ചെറിയതകരാർ കണ്ടെത്തി.
ചികിത്സയ്ക്കും മരുന്നിനുമായി മാസം കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്നായി. ഈ സമയത്താണ് ഭർത്താവ് സണ്ണിക്ക് കോവിഡ് ബാധിക്കുന്നത്. ഇതിനിടയിൽ നെഞ്ചുവേദനയെത്തുടർന്നുള്ള പരിശോധനയിലാണ് ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയത്. ഇതിനും ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. പക്ഷേ, ഒന്നിനും പണമില്ല. തത്‌കാലം മരുന്നുകൊണ്ട് കഴിയുന്നു.
തിരുവനന്തപുരത്ത് ജോലിയുണ്ടായിരുന്ന സണ്ണി, ഭാര്യയുടെ അസുഖം മൂലമാണ് അത് നിർത്തി നാട്ടിലേക്ക് മടങ്ങിയത്. പല ജോലികൾ ചെയ്തെങ്കിലും ഉയർച്ചയുണ്ടായില്ല. ഒടുവിൽ ഓട്ടോറിക്ഷ ഓടിച്ചെങ്കിലും കോവിഡ് അതും ഇല്ലാതാക്കി. ഓട്ടോറിക്ഷ ഓടിച്ച് വരുമാനം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഇന്നവർക്ക് അത് അഭയംതരുന്ന കൂരയാണ്. ഇരുവരും ചുരുണ്ടുകൂടിയാണ് ഓട്ടോയിൽ കിടക്കുന്നത്. ഭാര്യയ്ക്ക് നിവർന്ന് കിടക്കാൻ തോന്നുമ്പോൾ സണ്ണി റോഡിൽ പായ വിരിച്ച് മാറിക്കിടക്കും.
പണം നൽകി ശൗചാലയത്തിലും പോകും. ഭാര്യയെ ചികിത്സിക്കാൻ, തന്റെ ഹൃദയത്തകരാർ അവഗണിച്ച് കൂലിപ്പണിയ്ക്ക് പോകാനും സണ്ണി തയ്യാർ. പരാശ്രയമില്ലാതെ ജീവിക്കുകയെന്നതാണ് ഇരുവരുടേയും സ്വപ്നം. പക്ഷേ, രോഗങ്ങൾ അതിന് തടസ്സമാകുന്നു.