
അമിതമായി സന്തോഷിച്ച സമയത്ത് റിപ്പര്‍ തുറന്നുപറഞ്ഞ ലൈംഗിക വൈകൃതങ്ങളില്‍ ഞെട്ടി സഹതടവുകാരന്‍ ജഡ്‌ജിക്ക് നേരിട്ടെഴുതി;ഇതോടെ 17 കൊല്ലം മുൻപുള്ള ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞു; ചാരനായെത്തിയത് മുന്‍പട്ടാളക്കാരനും
സ്വന്തം ലേഖിക
കൊച്ചി: പുത്തന്‍വേലിക്കര ബേബി വധക്കേസില്‍ തന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ സന്തോഷ പ്രകടനത്തിനിടെയാണ് ഒരു വര്‍ഷം മുമ്പ് ജയാനന്ദന്‍ പോണേക്കരയിലെ ഇരട്ടക്കൊലപാതകവും ലൈംഗിക വൈകൃതങ്ങളും തിരുവനന്തപുരം സ്വദേശിയായ സഹതടവുകാരനോട് വീരകഥയായി വിളമ്പിയത്.
ഇതുകേട്ട് അസ്വസ്ഥനായ സഹതടവുകാരന്‍ പരോളില്‍ പുറത്തിറങ്ങിയപ്പോൾ ജഡ്‌ജിക്ക് കത്തയച്ചു. ഇതോടെ 17 കൊല്ലം മുമ്പുള്ള ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്ത് പരിഗണിച്ച ജഡ്‌ജി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജയാനന്ദനെ ക്രൈംബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിച്ച് കുരുക്കൊരുക്കുകയായിരുന്നു.
തുടര്‍ന്ന് മുന്‍പട്ടാളക്കാരനായ തടവുകാരനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചാരനാക്കി. ശബ്‌ദരേഖയടക്കം രഹസ്യമായി ശേഖരിച്ചു.
മജിസ്‌ട്രേട്ടിന് മുന്നില്‍ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. തെളിവുകള്‍ നിരത്തിയതോടെ ജയാനന്ദന് കുറ്റം സമ്മതിക്കേണ്ടി വന്നു.
പോണേക്കര കോശേരി ലെയിനിലെ ‘സമ്ബൂര്‍ണ’യിൽ കച്ചവടക്കാരനായി കറങ്ങി നടന്ന് മോഷണം നടത്താനുള്ള വീട് കണ്ടുവച്ചു .
കവര്‍ച്ചാ ശ്രമത്തിനിടെ അവിടെ ലൈറ്റ് തെളിഞ്ഞതോടെ പേടിച്ച് നാണിക്കുട്ടിഅമ്മാളിന്റെ (73) വീട്ടില്‍ ഒളിക്കുകയായിരുന്നു. വീടിന്റെ പിന്നില്‍ പ്രകാശിച്ചിരുന്ന ബള്‍ബ് ഊരിമാറ്റി. ഈ സമയം നാണിക്കുട്ടിഅമ്മാളിൻ്റെ സഹോദരീ പുത്രന്‍ ടി.വി. നാരായണ അയ്യര്‍ (63) മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ തക്കത്തിന് വീടിനകത്തേക്ക് കയറി.
തിരിച്ചെത്തിയ നാരായണ അയ്യരെ ആദ്യം വകവരുത്തി. ശബ്‌ദം കേട്ടെത്തിയ നാണിക്കുട്ടിഅമ്മാളെയും തലയ്‌ക്കടിച്ച് വീഴ്‌ത്തി. ഇരുവരും മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം എഴുപത്തിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു.
44 പവന്‍ സ്വര്‍ണാഭരണവും 15 ഗ്രാം വെള്ളി നാണയങ്ങളും അലമാരയില്‍ നിന്ന് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഇരട്ടക്കൊല നടന്ന വീട്ടില്‍ ഇന്നലെ വൈകിട്ട് നാലോടെയാണ് ജയാനന്ദനെ എത്തിച്ച് തെളിവെടുത്തത്.